രാജ്യത്ത് 16 വന്ദേഭാരത് ട്രെയിനുകൾ ഒരു റൂട്ടിലും ഓടാതെ വെറുതെ ഇട്ടിരിക്കുന്നു ; വിശദീകരണവുമായി റെയില്‍വേ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ച ട്രെയിനുകളാണ് വന്ദേഭാരത് ചെയര്‍ കാര്‍ എക്‌സ്പ്രസുകള്‍. കേരളത്തില്‍ ഉള്‍പ്പെടെ ഓടുന്ന ഭൂരിഭാഗം റൂട്ടുകളിലും സൂപ്പര്‍ ഹിറ്റാണ് വന്ദേഭാരത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വരെ കുതിക്കാന്‍ കഴിയുന്ന ട്രെയിനിലെ ആധുനിക സൗകര്യങ്ങളും യാത്രക്കാര്‍ക്ക് വളരെ സംതൃപ്തി പകരുന്നവയാണ്. എന്നാല്‍ രാജ്യത്ത് 16 വന്ദേഭാരത് ട്രെയിനുകളാണ് ഒരു റൂട്ടിലും ഓടാതെ വെറുതെ ഇട്ടിരിക്കുന്നത്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ ആവശ്യപ്പെടുമ്പോഴാണ് ഇത്തരത്തില്‍ 16 ട്രെയിനുകള്‍ വെറുതെ ഇട്ടിരിക്കുന്നത്. എന്നാല്‍ സര്‍വീസ് നടത്താന്‍ അനുയോജ്യമായ റൂട്ട് കണ്ടെത്താന്‍ കഴിയാത്തതാണ് ട്രെയിനുകള്‍ വെറുതെ ഇട്ടിരിക്കുന്നതിന് പിന്നിലെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിക്കൂറില്‍ 130- 160 കിലോമീറ്ററിനുമിടയില്‍ വേഗം കൈവരിക്കാവുന്നതും സിഗ്‌നലുകള്‍ നവീകരിച്ചതുമായ റൂട്ടുകള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ കുറവാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.ലാഭകരമായ റൂട്ട് കണ്ടെത്താന്‍ കഴിയാത്തതും പ്രധാന കാരണമാണ്. മറ്റ് വണ്ടികളുടെ സമയക്രമത്തെ ബാധിക്കാത്ത രീതിയിലുള്ള റൂട്ടുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അധികൃതര്‍ പ്രതീക്ഷിച്ചതുപോലെ, അതിവേഗ വണ്ടികള്‍ ഓടിക്കാവുന്ന രീതിയില്‍ ട്രാക്കുകള്‍ നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
നിലവിലെ സാഹചര്യത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ സമയക്രമം കൃത്യമായി പാലിക്കുന്നതിന് വേണ്ടി നിരവധി തീവണ്ടികളാണ് പിടിച്ചിടുന്നത്. ഇതില്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ വലിയ പരാതിയുമുണ്ട്.വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന ചെറിയൊരു വിഭാഗം യാത്രക്കാര്‍ക്ക് വേണ്ടി മണിക്കൂറുകള്‍ മറ്റ് യാത്രക്കാര്‍ക്ക് നഷ്ടമാകുന്നതാണ് മറ്റ് ട്രെയിനുകളിലെ യാത്രക്കാരില്‍ പ്രതികൂല വികാരം സൃഷ്ടിക്കുന്നത്.
എട്ട് കോച്ചുകളുള്ള ഒരു വന്ദേഭാരത് ട്രെയിന്‍ നിര്‍മ്മിക്കാന്‍ 52 കോടി രൂപയാണ് റെയില്‍വേ ചിലവാക്കുന്നത്. ഇത്തരത്തില്‍ 16 ട്രെയിനുകള്‍ നിര്‍മിക്കാന്‍ 800 കോടി രൂപയില്‍ അധികമാണ് ചിലവാക്കിയിരിക്കുന്നത്. അതേസമയം, അനുയോജ്യമായ റൂട്ടില്ലെന്ന് പറയുന്ന റെയില്‍വേ യാത്രക്കാര്‍ ഏറ്റെടുത്ത കൊച്ചി – ബംഗളൂരു സ്‌പെഷ്യല്‍ റദ്ദാക്കിയതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.