പഠിത്തത്തിലും മത്സരങ്ങളിലെല്ലാം ഒന്നാമൻ; സ്കൂളിലെ എല്ലാ കാര്യത്തിലും സജീവം; നാടിന്റെ അഭിമാനമാകേണ്ടിയിരുന്ന കുഞ്ഞ്; ആദിയുടെ വേർപാട് വിശ്വസിക്കാനാകാതെ നാട്ടുകാരും കൂട്ടുകാരും അധ്യാപകരും

പഠിത്തത്തിലും മത്സരങ്ങളിലെല്ലാം ഒന്നാമൻ; സ്കൂളിലെ എല്ലാ കാര്യത്തിലും സജീവം; നാടിന്റെ അഭിമാനമാകേണ്ടിയിരുന്ന കുഞ്ഞ്; ആദിയുടെ വേർപാട് വിശ്വസിക്കാനാകാതെ നാട്ടുകാരും കൂട്ടുകാരും അധ്യാപകരും

Spread the love

തിരുവനന്തപുരം: എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്ന ആദിശേഖറിന്റെ വേർപാട് ഇനിയും വിശ്വസിക്കാനാകാതെ നാട്ടുകാരും കൂട്ടുകാരും. കാട്ടാക്കട ചിന്മയാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആദിശേഖർ സ്കൂളിലെ മത്സരങ്ങളിലെല്ലാം ഒന്നാമനായിരുന്നു. സഹപാഠികൾക്കും അധ്യാപകർക്കും അയൽവാസികൾക്കും അവൻ പ്രിയപ്പെട്ട ‘ആദി’യായിരുന്നു.

ജി-20 സമ്മേളനത്തിന്റെ ഭാഗമായി ചിന്മയാ സ്‌കൂൾ സംഘടിപ്പിച്ച ഇന്റർസ്‌കൂൾ മത്സരത്തിൽ കാട്ടാക്കട സ്കൂളിനെ പ്രതിനിധീകരിച്ചത് ആദിയായിരുന്നു. തിയേട്രിക്‌സ് ഇന്റർസ്‌കൂൾ നാടകമത്സരങ്ങളിലും മികച്ച അഭിനേതാവെന്ന നിലയിൽ തിളങ്ങിയിരുന്നു. കഴിഞ്ഞ തവണ നടന്ന സ്‌കൂൾ യൂത്ത് ഫെസ്റ്റിവെലിൽ ഇംഗ്ളീഷ്, മലയാളം പ്രസംഗം, ഗ്രൂപ്പ് ഡാൻസ്, സംസ്കൃതം പദ്യപാരായണം തുടങ്ങി നിരവധിയിനങ്ങളിൽ ഒന്നാമനായിരുന്നു. പല ക്വിസ് മത്സരങ്ങളിലും സ്‌കൂളിനെ പ്രതിനിധീകരിച്ചിരുന്നത് ആദിയുൾപ്പെടുന്ന ടീമായിരുന്നു.

പഠിക്കാൻ മിടുക്കനായിരുന്ന ആദിശേഖർ, കഴിഞ്ഞ തവണത്തെ പരീക്ഷകളിൽ സ്‌കൂൾതലത്തിൽ ആദ്യ പത്തിനുള്ളിൽ ഇടംപിടിച്ചിരുന്നു. എല്ലാ കാര്യത്തിലും സജീവമായി ഇടപെട്ടിരുന്ന ആദി അധ്യാപകരുടെ തെറ്റുകളും ചൂണ്ടിക്കാണിക്കാൻ മടിച്ചിരുന്നില്ല. ഒന്നാം ഓണത്തിന് സുഹൃത്തിന്റെ വീട്ടിലെ ചടങ്ങിന് സഹപാഠികളെല്ലാം ഒത്തുകൂടിയപ്പോൾ മുൻനിരയിൽ നിന്നതും ആദിയായിരുന്നു. തിരുവോണത്തിന് എല്ലാ കൂട്ടുകാർക്കും ഓണാശംസ നേർന്ന ആദിയുടെ മരണം ഇപ്പോഴും അധ്യാപകർക്കും സഹപാഠികൾക്കും ഉൾക്കൊള്ളാനാകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടിന്റെ അഭിമാനമാകേണ്ടിയിരുന്ന കുഞ്ഞാണ് അകാലത്തിൽ വിടപറഞ്ഞതെന്നാണ് അയൽവാസികളുടെ അഭിപ്രായം. എല്ലാവരോടും സ്നേഹാദരങ്ങളോടെ പെരുമാറിയിരുന്ന ആദി പുളിങ്കോട് ദേവീക്ഷേത്രത്തിനു മുന്നിലെ കളിസ്ഥലത്ത് കുട്ടികളുടെ ക്യാപ്‌റ്റനുമായിരുന്നു. രാമായണ പാരായണം, ശ്രീകൃഷ്ണജയന്തി ചടങ്ങുകളിലും ക്ഷേത്രത്തിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യവുമായിരുന്നു. ആദിയുടെ വീട്ടിലെത്തുന്നവർക്ക് ഇപ്പോഴും ആ കൊച്ചുമിടുക്കന്റെ വേർപാട് വിശ്വസിക്കാനാകുന്നില്ല.