play-sharp-fill
ശബരിമലയിൽ സംംഭവിച്ചത് ദൗർഭാഗ്യകരമായ കാര്യങ്ങൾ: വിവാദത്തിന് കാരണം അറിവില്ലായ്മ; മാതാ അമൃതാനന്ദമയി: സർക്കാരിന് 51 നോട് പ്രത്യേക മമതയുണ്ടെന്ന് സെൻകുമാർ; പുത്തരിക്കണ്ടത്തെ ഭക്തിയിൽ മുക്കി അയ്യപ്പഭക്ത സംഗമം

ശബരിമലയിൽ സംംഭവിച്ചത് ദൗർഭാഗ്യകരമായ കാര്യങ്ങൾ: വിവാദത്തിന് കാരണം അറിവില്ലായ്മ; മാതാ അമൃതാനന്ദമയി: സർക്കാരിന് 51 നോട് പ്രത്യേക മമതയുണ്ടെന്ന് സെൻകുമാർ; പുത്തരിക്കണ്ടത്തെ ഭക്തിയിൽ മുക്കി അയ്യപ്പഭക്ത സംഗമം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ശബരിമല കർമ്മ സമിതി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ അയ്യപ്പഭക്ത സംഗമം വിശ്വാസികളുടെ ശക്തിപ്രകടനമായി. നാമജപത്തിനും, പ്രതിഷേധ സമരങ്ങൾക്കും പിന്നാലെയാണ് ഏറ്റവും ഒടുവിൽ ശബരിമല കർമ്മസമിതി പുത്തരിക്കണ്ടം മൈതാനത്ത് രണ്ടരലക്ഷത്തോളം വിശ്വാസികളെ അണിനിരത്തി ശബരിമല ഭക്തരുടെ സംഗമം സംഘടിപ്പിച്ചത്. പരിപാടികൾ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്തു. ആവേശത്തോടെ മൊബൈൽ ടോർച്ച് ലൈറ്റുകൾ പ്രകാശിപ്പിച്ചാണ് ഭക്ത വിശ്വാസികൾ അയ്യപ്പ സംഗമത്തിന്റെ ആഘോഷത്തിൽ പങ്കു ചേർന്നത്. 
ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മാതാ അമൃതാനന്ദമയി പറഞ്ഞു. ക്ഷേത്രങ്ങൾ സംസ്‌കാരത്തിന്റെ തൂണുകളാണ്. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങൾ ദൗര്ഭാഗ്യകരണമായെന്നും അമൃതാനന്ദമയി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്തു നടന്ന അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ശബരിമല അയ്യപ്പന് കീ ജെയ് വിളിച്ചുകൊണ്ടാണ് അമൃതാനന്ദമയി സംസാരിച്ചു തുടങ്ങിയത്. ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണ് മിക്ക പ്രശ്‌നത്തിനും കാരണമെന്നും അമൃതാനന്ദമയി പറഞ്ഞു. 
ശബരിമല സീസൺ സമയത്ത് താൻ ഒരു ഗവേഷണം നടത്തിയെന്ന് അമൃതാനന്ദമയി പറഞ്ഞു. പതിനഞ്ച് വർഷമായിട്ട് എല്ലാ സീസൺ സമയത്തും എല്ലാ ആശുപത്രികളിലും ആളെ അയക്കും. ആ സമയത്ത് മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ രോഗികൾ കുറവാണ്. ആ സമയത്ത് ആളുകൾ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു എന്നതാണ് ഇതിനാ കാരണം. മനസും ശരീരവും തമ്മിൽ ആ സമയത്ത് ഒരു താളലയം വരുന്നുണ്ട് – അവർ പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണു കർമസമിതിയുടെ തീരുമാനം. ഇതിനു മുന്നോടിയായിട്ടാണ് അയ്യപ്പഭക്ത സംഗമം. 
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ രൂക്ഷ വിമർശവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ. 51 യുവതികളുടെ പട്ടിക സുപ്രീംകോടതിയിൽ സമർപ്പിച്ചത് സർക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. അതേക്കുറിച്ചൊന്നും ഇപ്പോൾ വിശദീകരിക്കുന്നില്ലെന്നും ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തിൽ സംസാരിക്കവെ സംഘടനയുടെ ഉപാധ്യക്ഷനായ അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് അവകാശപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയെക്കുറിച്ചാണ് സെൻകുമാർ വിമർശം ഉന്നയിച്ചത്. സനാതന ധർമ്മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രാധാന്യം സർക്കാർ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയില്ല. ശബരിമല ഒരു തീർഥാടന കേന്ദ്രമാണ്.
നൂറുകണക്കിന് വിശ്വാസികൾ എത്തുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകതകൊണ്ടാണ്. ആചാരമനുഷ്ഠിച്ച വിശ്വാസികളായ ഒരു സ്ത്രീപോലും അവിടെ വന്നില്ല. വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെഅവിടെ എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.