video
play-sharp-fill
ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഫർമേഷൻ  ടെക്‌നോളജിയുടെ ഉദ്ഘാടനം ഇന്ന്

ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിന്റെ നോളജ് ഹബ് ആയി മാറിയ കോട്ടയത്ത് ഒരു ദേശീയ സ്ഥാപനം കൂടി സ്ഥാപിതമാകുന്നു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കോട്ടയം സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കേന്ദ്രമന്ത്രി പ്രകാശ് ജവേദ്ക്കര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. മീനച്ചില്‍ താലൂക്കിലെ വലവൂരില്‍ 55 ഏക്കര്‍ സ്ഥലത്താണ് ഐഐഐടി കോട്ടയം സെന്ററിന്റെ മനോഹരമായ ക്യാമ്പസ് പൂര്‍ത്തിയായിരിക്കുന്നത്. 200 കോടി രൂപയ്ക്ക് മേല്‍ മുതല്‍ മുടക്കുള്ള ഐ.ഐ.ഐ.ടി യാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി വേഗത്തില്‍ പൂര്‍ത്തിയായ ഐഐഐടി ക്യാമ്പസാണ് വലവൂരിലേത്.
കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റലുകള്‍, കോട്ടേഴ്‌സുകള്‍, ക്യാന്റീന്‍, മഴവെള്ളസംഭരണി തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ഐഐഐടിയുടെ പുതിയ ക്യാമ്പസ്. സന്തോഷകരമായ മറ്റൊരു കാര്യം കോട്ടയം ഐഐഐടിക്ക് 5 കോടി രൂപയുടെ അടല്‍ ഇന്‍ക്കുബേഷന്‍ സെന്ററിനും അനുമതി ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നീതി ആയോഗിനുകീഴില്‍ അനുവദിക്കപ്പെട്ട ഏക ഇന്‍ക്കുബേഷന്‍ സെന്ററാണ് ഐഐഐടിയിലേത്. ഇന്‍ക്കുബേഷന്‍ സെന്ററിനായി 10,000 ചതുരശ്ര അടിയാണ് മാറ്റിവെച്ചിരിക്കുന്നത്. രാജ്യത്തെ യുവപ്രതിഭകളെ കണ്ടെത്തിഅവരുടെ കഴിവുകള്‍ രാഷ്ട്രത്തിന് പ്രയോജനകരമാകും വിധം ഉപയോഗിക്കുന്നത് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുക എന്നതാണ് ഇന്‍ക്കുബേഷന്‍ സെന്ററിന്റെ ലക്ഷ്യം.ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുവസംരംഭകരാകുവാന്‍ അടല്‍ ഇന്‍ക്കുബേഷന്‍ സെന്റര്‍ സഹായകരമാകും.

ഐ.ഐ.ഐ.ടി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു പുതിയ നാഴിക കല്ലായിരിക്കും. നാളേക്കായി അറിവിന്റെ സമാഹരണം എന്നതാണ് ഐ.ഐ.ഐ.ടിയുടെ ലക്ഷ്യം. അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഐ.ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ വിവിധ അക്കാദമിക് പ്രോഗ്രാമുകളില്‍ കോഴുകള്‍ നടത്തുന്നു. നിലവില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ മൂന്ന് സ്ട്രീമുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, പി.എച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള ബി.ടെ.ക് കോഴ്‌സുകളാണ് നടത്തുന്നത്.

മറ്റൊരു അഭിമാനകരമായ നേട്ടാണ് ഐഐഐടിലേക്കുള്ള റോഡ് ആധുനിക നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 17 കോടി രൂപയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. പ്രസ്തുത റോഡിന്റെ നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തിയാകുന്നതോടെ ക്യാമ്പസിലേക്കുള്ള യാത്ര സുഗകരമാകും.

കോട്ടയത്തെ കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഐ.ഐ.ഐ.ടി കൂടാതെ സയന്‍സ് സിറ്റി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, കേന്ദ്രീയവിദ്യാലയം, ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ഏകലവ്യമോഡല്‍ റസിഡഷ്യല്‍ സ്‌ക്കൂള്‍ തുടങ്ങിയ ദേശീയ നിലവാരമുളള നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോട്ടയത്തിന് നേടിയേടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇതില്‍ പാമ്പാടിയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ സ്ഥിരം ക്യാമ്പസിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞു.