കൊല്ലം: ശബരിമല വിഷയത്തില്‍ പാരമ്ബരാഗത വോട്ടുകളും തിരിഞ്ഞു കുത്തുമോ എന്ന് സിപിഎമ്മിന് ഭയം. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരുടെ മനസ്സ് അറിയാന്‍ ശ്രമിക്കുകയാണ് സിപിഎം. വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങളും രാഷ്ട്രീയചായ്വും ഉള്‍പ്പെടുത്തി സിപിഎം. നടത്തുന്ന സര്‍വേയില്‍ ശബരിമല വിഷയവും ഉള്‍പ്പെടുത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മനസ്സ് തിരിച്ചറിയുകാണ് ലക്ഷ്യം. സമകാലിക സംഭവങ്ങള്‍ക്കൊപ്പമാണ് ശബരിമലയിലെ യുവതീപ്രവേശത്തോടുള്ള ജനങ്ങളുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തുന്നത്. സര്‍വേ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ലാകമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനിതാ മതിലും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തും. വനിതാ മതില്‍ സൃഷ്ടിച്ച സാമൂഹിക ചര്‍ച്ചയില്‍ നിലപാട് എടുക്കാനാണ് ഇത്. ഹൈന്ദവ സമൂഹത്തിന്റെ പൊതുവിലും സ്ത്രീകളുടെ വിശേഷിച്ചും പ്രതികരണങ്ങളും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. ഒരു പാര്‍ട്ടിയംഗത്തിന് 10 വീടുകളുടെ ചുമതല നല്‍കിയായിരുന്നു സര്‍വേ. ഇതിന്റെ റിപ്പോര്‍ട്ട് ജില്ലാടിസ്ഥാനത്തില്‍ ക്രോഡീകരിക്കും. പുതിയ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി ഉടന്‍ പൂര്‍ത്തിയാക്കും. വോട്ടര്‍മാരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ഡേറ്റാബാങ്ക് ഏര്‍പ്പെടുത്തും. ശബരിമലയില്‍ സ്വീകരിച്ച നിലപാടിന് പുതുതലമുറയില്‍പ്പെട്ടവരിലും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരില്‍നിന്നും അനുകൂല പ്രതികരണമാണുണ്ടായതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. എന്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള ചില ഹൈന്ദവസംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഇത് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാണ് ശ്രമം. നായര്‍കുടുംബങ്ങളില്‍നിന്നുള്ള ധാരാളംപേര്‍ വനിതാമതിലില്‍ പങ്കെടുത്തെന്നും സിപിഎം. സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. പൊതുതിരഞ്ഞെടുപ്പിനുള്ള സംഘടനാപരമായ ഒരുക്കങ്ങളുടെ മുന്നോടിയായി പത്തിന് തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ സിപിഎമ്മിന്റെ സംസ്ഥാന ശില്പശാല നടക്കും. സംസ്ഥാനസമിതിയംഗങ്ങളും പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറിമാരും പങ്കെടുക്കും. 12, 13 തീയതികളിലാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ശില്പശാല.