
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന പക്ഷികളും മൃഗങ്ങളും ചത്തുപോകുന്നത് മേല്‍നോട്ടത്തിലെ പിഴവ് കാരണമെന്ന് ആക്ഷേപം.
അടുത്തിടെ എമുവും ഒട്ടക പക്ഷിയും ചത്തിരുന്നു. കഴിഞ്ഞ മാസം മാനും ചത്തു. ഇതുകൂടാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മക്കാവു തത്ത മൃഗശാലയില്‍ നിന്ന് പറന്നു പോയി. ഇതുവരെയും അതിനെ കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് പിടിച്ചു നല്‍കിയ തത്തകളും കൂട്ടത്തോടെ ചത്തു.പുതുതായി പണികഴിപ്പിച്ച തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് എമു ചത്തത്. ഓടിച്ചിട്ട് പിടികൂടിയപ്പോള്‍ സംഭവിച്ച പരുക്കാണു മരണ കാരണമെന്നാണ് വിവരം.ഒട്ടകപക്ഷിയും ചാകാന്‍ കാരണം ഇതുപോലെ കൂടുമാറ്റത്തിനിടയാണെന്നു പറയുന്നു.
നിയമവിരുദ്ധമായി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ വനംവകുപ്പ് നിരത്തുകളില്‍ നിന്ന് പിടിച്ചെടുക്കുകയും പിന്നീട് മൃഗശാലയ്ക്കു കൈമാറുകയും ചെയ്ത നൂറോളം തത്തകളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 20 മാത്രം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാന്‍, ഹനുമാന്‍ കുരങ്ങ് എന്നിവയും ഇവിടെ നിന്ന് ചാടിപോയിട്ടുണ്ട്. പക്ഷികളും മൃഗങ്ങളും കുറയുന്നതോടെ കാഴ്ചക്കാര്‍ മൃഗശാലയെ കൈവിടുന്ന സ്ഥിതി വരും.പല കൂട്ടിലും ഇപ്പോള്‍ മൃഗങ്ങളില്ലാത്ത അവസ്ഥയാണ്. മൃഗത്തിന്റെ പേര് എഴുതിയ ബോര്‍ഡ് മാത്രമാണ് നിലവിലുളളത്. സ്‌കൂള്‍ കുട്ടികളടക്കം കാര്യമായി ഇവിടെയൊന്നും കാണാനില്ലെന്നു പറഞ്ഞു മടങ്ങുകയാണ്.നിലവിലുളള മൃഗങ്ങളും കൂടി ഇല്ലാതായാല്‍ മൃഗശാല അടച്ചിടേണ്ട ഗതി വരുമെന്ന് അധികൃതര്‍ തിരിച്ചറിയുന്നില്ല.