
നിപ: യുവാവുമായി അടുത്തിടപഴകിയ രണ്ട് പേർക്കുകൂടി നിപയില്ലെന്ന് തെളിഞ്ഞു
സ്വന്തംലേഖിക
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നു. ഇന്നലെ യുവാവ് അമ്മയുമായി സംസാരിച്ചതായും, മുഴുവൻ സമയവും പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.ഇടയ്ക്കുള്ള പനി ഒഴിച്ചു നിർത്തിയാൽ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയുമായി സംസാരിക്കാൻ മെഡിക്കൽ ബോർഡ് യുവാവിനെ അനുവദിച്ചിട്ടുണ്ട്. ഭക്ഷണം സ്വന്തം നിലയിൽ കഴിക്കുന്നതടക്കം ആരോഗ്യ നിലയിൽ വലിയ പുരോഗതിയുണ്ടെന്നാണ് ആസ്റ്റർ മെഡിസ്റ്റിയിലെ ഡോക്ടർ ബോബി വർക്കി വ്യക്തമാക്കുന്നത്.ഇതിനിടെ, യുവാവുമായി അടുത്തിടപഴകിയ രണ്ട് പേരുടെ നിപ ഫലം കൂടി നെഗറ്റീവാണെന്ന് കണ്ടെത്തി. ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന എട്ട് പേരുടെ നിപ സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തിയത് ആരോഗ്യവകുപ്പിന് ആശ്വാസമാവുകയാണ്. അതേസമയം, രോഗബാധിതനായ യുവാവിൻറെ രക്തവും സ്രവങ്ങളും പരിശോധനയ്ക്ക് വീണ്ടും അയച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യം പൂർണ്ണമായും മാറിയോ എന്നറിയുന്നതിനാണ് പരിശോധന. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഒരുക്കിയ പ്രത്യേക ലാബിൽ പൂനെയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന ഫലം ഉച്ചയോടെ ലഭിക്കും. മൂന്ന് ദിവസം മുൻപ് നടത്തിയ യുവാവിൻറെ രക്ത പരിശോധനയിൽ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിൻറെ സൂചന ലഭിച്ചിട്ടുണ്ട്.വൈറസ് ബാധയില്ലെന്ന് പരിശോധനയിൽ വ്യക്തമായാലും മെഡിക്കൽ സംഘത്തിൻറെ നിർദ്ദേശ പ്രകരമായിരിക്കും തുടർനടപടികൾ. വൈറസ് ബാധയേറ്റ യുവാവുമായി ബന്ധമുണ്ടെന്ന് കരുതിയ 318 പേരെ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും നേരിട്ടിടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇവരെ പ്രത്യേകം നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്.പരിശോധനയ്ക്ക് അയച്ച ഒരാളുടെ രക്ത സാമ്പിൾ ഫലം ഇന്ന് കിട്ടും. രോഗബാധ അതിജീവിക്കാൻ ആയതിൽ ആശ്വസമുണ്ടെന്നും നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം വിദഗ്ധർ തുടങ്ങിയതായും കെ കെ ശൈലജ വ്യക്തമാക്കി.അതേസമയം, കോഴിക്കോട്ട് നിന്ന് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ രോഗിക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു.