play-sharp-fill
ആളുകൾക്കു വേണ്ടാത്ത ആകാശപ്പാതയിൽ യുവമോർച്ച ശനിയാഴ്ച്ച ഊഞ്ഞാൽകെട്ടും ; പ്രതിഷേധം സംഘടിപ്പിക്കുന്നത് യുവമോർച്ച ജില്ലാ കമ്മിറ്റി

ആളുകൾക്കു വേണ്ടാത്ത ആകാശപ്പാതയിൽ യുവമോർച്ച ശനിയാഴ്ച്ച ഊഞ്ഞാൽകെട്ടും ; പ്രതിഷേധം സംഘടിപ്പിക്കുന്നത് യുവമോർച്ച ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ

കോട്ടയം: ആളുകൾക്കു വേണ്ടാത്ത ആകാശപ്പാതയിൽ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഞ്ഞാൽ കെട്ടി പ്രതിഷേധിക്കും. യുവമോർച്ചാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച രാവിലെ പത്തിനാണ്  പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നഗരത്തിലെ കാൽനട യാത്രക്കാർക്ക് തിരക്കിൽപ്പെടാതെ റോഡ് മുറിച്ചു കടക്കാനായാണ് ആകാശപ്പാത നിർമ്മിക്കുന്നതെന്നാണ് ജനപ്രതിനിധികളുടെ വർഷങ്ങളായുള്ള വാദം. എന്നാൽ, ഇത് നഗരത്തിലെ പ്രമുഖ മാൾ അധികൃതർക്കു വേണ്ടിയാണെന്ന ആരോപണം ഒരു വശത്ത് ഉയർന്നിട്ടുണ്ട്.രണ്ടര വർഷം മുമ്പ് യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനായി ആകാശപ്പാത നിർമാണം ആരംഭിച്ചത്. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിച്ചു തുടക്കമിട്ട ആകാശപാതയുടെ നിർമാണത്തിന് ഒച്ച് വേഗതയാണ് ഇപ്പോഴും. നിലവിലുണ്ടായിരുന്ന റൗണ്ടാന പൊളിച്ച വേഗം തുടർ നിർമ്മാണത്തിന് കണ്ടില്ല.
രണ്ടു വർഷത്തിനു ശേഷമാണ് തൂണുകൾ സ്ഥാപിച്ചത്. ഇപ്പോഴും അവസാന ഘട്ട ജോലികൾക്കായുള്ള ടെൻഡർ നടപടികൾ പോലും നടന്നിട്ടില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുൻകൈയെടുത്താണ് പദ്ധതി ആരംഭിച്ചത്. രാഷ്ട്രീയ എതിർപ്പാണ് ആകാശപ്പാത ഇഴയാൻ കാരണമായതെന്ന ആരോപണം ഉയർന്നിരുന്നു.
എന്നാൽ, കോട്ടയം നഗരത്തിൽ ഇത്രയും തിരക്കിനിടയിൽ ഇതുപോലെ ഒരു ആകാശപ്പാത ആവശ്യമുണ്ടോ എന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ശീമാട്ടി റൗണ്ടാനയാണ് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടകുരുക്കിന്റെ കാരണം. ഈ റൗണ്ടാനയുടെ ഒത്ത നടുവിലായി തൂണുകൾ നിരത്തി വച്ചാണ് ആകാശപ്പാത സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിക്കുന്നതോടെ നഗരത്തിലെ നിലവിലുള്ള സൗകര്യം പോലും നഷ്ടമാകും. ഇത് സ്വകാര്യ ഏജൻസികളെ സഹായിക്കാനാണെന്ന ആരോപണമാണ് ഉയരുന്നത്.