
ഡൽഹി: പശ്ചിമേഷ്യയില്‍ ഇറാൻ-അമേരിക്ക സംഘർഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സൈനിക നീക്കങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയില്‍ ഇറാനിലുള്ള പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം നല്‍കി ഇന്ത്യ.
ലഭ്യമായ ഗതാഗത മാർഗ്ഗമുപ യോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പൌരന്മാരോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
തീർത്ഥാടകർ, വാണിജ്യാവശ്യത്തിന് പോയ ആളുകള്‍, വിദ്യാർത്ഥികള്‍, ടൂറിസ്റ്റുകള്‍ അടക്കം ആളുകളോടാണ് ഉടൻ ഇറാൻ വിടാൻ നിർദേശം നല്‍കിയത്. പൌരന്മാർക്ക് സഹായത്തിന് എംബസിയെ ബന്ധപ്പെടാം. ഹെല്‍പ് ലൈൻ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൌരന്മാർ പാസ്പോർട്ട് അടക്കം രേഖകള്‍ കയ്യില്‍ കരുതണം.
+989128109115; +989128109109;
+989128109102; +989932179359
സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, സെർബിയയും സ്വീഡനും ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തിലാണ് പൌരന്മാർക്കുള്ള നിർദ്ദേശം. ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും നിലവില്‍ അവിടെയുള്ളവർ എത്രയും വേഗം രാജ്യം വിടാനുമാണ് നിർദ്ദേശം.
ഇറാനും അമേരിക്കയും തമ്മിലുള്ള അടുത്ത ഘട്ട ആണവ കരാർ ചർച്ചകള്‍ ഫെബ്രുവരി 26 വ്യാഴാഴ്ച ജനീവയില്‍ നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകള്‍ക്ക് നേരത്തെ മധ്യസ്ഥത വഹിച്ചിരുന്ന ഒമാൻ വിദേശകാര്യ മന്ത്രിയാണ് തീയതി സ്ഥിരീകരിച്ചത്. ആണവ കരാറില്‍ ഒപ്പിടുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് പത്തു മുതല്‍ പതിനഞ്ച് ദിവസത്തെ അന്ത്യശാസനം നല്‍കി. ഇതില്‍ വീഴ്ച വരുത്തിയാല്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
സൈനിക സാന്നിധ്യം വർധിപ്പിച്ച് അമേരിക്ക
പശ്ചിമേഷ്യയില്‍ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വൻതോതില്‍ വർദ്ധിപ്പിച്ചിരിക്കുകയാണ്. യുഎസ്‌എസ് ജെറാള്‍ഡ് ആർ. ഫോർഡ് ഉള്‍പ്പെടെയുള്ള വിമാനവാഹിനിക്കപ്പലുകള്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാൻ പരമാധികാരമുള്ള രാജ്യമാണ് ഇറാനെന്നും പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സമാധാനപരമായ ചർച്ചകള്‍ക്ക് രാജ്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.



