യൂബർ ഈറ്റ്സ് വഴി വാങ്ങിയ ബിരിയാണിയിൽ പുഴു ; ഹോട്ടൽ പൂട്ടിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: യൂബർ ഈറ്റ്സിലൂടെ വാങ്ങിയ ദം ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. കവടിയാറിലെ ലാമിയ ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കോർപറേഷന്റെ ആരോഗ്യവിഭാഗമാണു നടപടിയെടുത്തത്. പരിശോധനയിൽ പഴകിയ കോഴിയിറച്ചിയും പിടിച്ചെടുത്തു. ഭക്ഷണം വാങ്ങിയ വ്യക്തി നന്തൻകോട് സോണൽ ഓഫിസിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി.
ഞായറാഴ്ച വൈകിട്ട് 5.30ന് നന്തൻകോട് ഹെൽത്ത് ഇൻസ്‌പെക്ടർ എസ് എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
ഹോട്ടലിൽ നിന്നും ബിരിയാണിയും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച കോഴി ഇറച്ചിയും കണ്ടെത്തി. തുടർന്ന് പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. പാത്രങ്ങൾ കഴുകുന്ന വാഷ്ബേസിന്റെ അടിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഇറച്ചി സൂക്ഷിച്ചിരിക്കുന്നതും കണ്ടെത്തി. ഹെൽത്ത് കാർഡ് ഉള്ള ജീവനക്കാരെ കൂടാതെ മറ്റ് ജീവനക്കാരും ഹോട്ടലിൽ ഉണ്ടായിരുന്നു. പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ വി കെ പ്രശാന്ത്, ഹെൽത്ത് കമ്മിറ്റി ചെയർമാൻ കെ ശ്രീകുമാർ എന്നിവർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group