‘ആ വര്‍ഷം നന്നായി ബാറ്റുചെയ്തിട്ടും ഗില്ലിനെ ഒഴിവാക്കിയത് ശരിയായില്ല’; സെലക്ടർമാരുടെ തീരുമാനത്തില്‍ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്

Spread the love

മുംബയ്: ട്വന്റി-20 ലോകകപ്പില്‍ നിന്നും ഇത്തവണ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സെലക്ടർമാരുടെ തീരുമാനത്തില്‍ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.

video
play-sharp-fill

ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ നയിച്ചിട്ടും ട്വന്റി-20 ഫോർമാറ്റില്‍ നിന്നും ഗില്ലിനെ മാറ്റിനിർത്തിയത് കടുത്ത തീരുമാനമായിപ്പോയെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. സ്‌പോർട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അതൃപ്തി രേഖപ്പെടുത്തിയത്.

 

‘മൂന്ന് ഫോർമാറ്റിലും ഒരേപോലെ തിളങ്ങുക അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച്‌ ക്യാപ്ടൻ കൂടി ആകുമ്പോള്‍ അത് ഏറെ വെല്ലുവിളി നിറഞ്ഞതാകും. മുമ്പ് വിരാട് കൊഹ്ലി മാത്രമാണ് മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുകയും മികച്ച രീതിയില്‍ ടീമിനെ നയിക്കുകയും ചെയ്ത ഒരേയൊരു താരം. ഇടയ്ക്ക് രോഹിത് ശർമ്മയും ആ നിലയില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. പക്ഷേ, ഒരാളെ ഒരു വർഷം മുഴുവൻ ട്വന്റി-20 ടീമില്‍ കളിപ്പിച്ചിട്ട്, അവസാനം പ്രകടനത്തിന്റെ പേരില്‍ മാത്രം ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിർത്തുന്നത് ശരിക്കും കടുത്ത തീരുമാനമാണ്’- യുവരാജ് പറഞ്ഞു. അതേസമയം, 2027 ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് രോഹിത് ശർമ്മയുടെയും വിരാട് കൊഹ്ലിയുടെയും കാര്യത്തില്‍ ടീം മാനേജ്‌മെന്റ് വ്യക്തത വരുത്തണമെന്നും യുവരാജ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘രോഹിത്തിന്റെയും വിരാടിന്റെയും മനസില്‍ എന്താണെന്ന് എനിക്കറിയില്ല. അടുത്ത ലോകകപ്പ് കളിക്കണം എന്ന് തന്നെയായിരിക്കും അവരെ കാണുമ്പോള്‍ തോന്നുന്നത്. പക്ഷേ ആ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അവരും സെലക്ടർമാരും ചേർന്നാണ്. ടീമിന്റെ ഭാവി അവർ തീരുമാനിക്കട്ടെ. എന്റെ പോയിന്റ് ഇതാണ്, അവരെപ്പോലെയുള്ള മുതിർന്ന കളിക്കാരുടെ കാര്യത്തില്‍ വ്യക്തത വരുത്തണം. എല്ലാവരും കൂടി ഒരു മുറിയിലിരുന്ന് കാര്യങ്ങള്‍ തുറന്നു ചർച്ച ചെയ്യണം.

 

കരിയറിന്റെ ഈയൊരു ഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുക എന്നത് പ്രയാസമായിരിക്കും. ടീം ഇനി യുവ താരങ്ങളെയാണ് നോക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അവർക്ക് വിഷമം തോന്നുമായിരിക്കും. പക്ഷേ, ഒരു വർഷം കഴിയുമ്പോള്‍ അന്ന് ഒരാളെങ്കിലും തന്നോട് നേർക്കുനേർ സത്യം തുറന്നു പറഞ്ഞല്ലോ എന്നോർത്ത് അവർക്ക് സന്തോഷമേ ഉണ്ടാവൂ. സത്യം പറഞ്ഞാല്‍, ഇത്തരം തുറന്നു പറച്ചിലുകള്‍ ഇന്ത്യൻ ക്രിക്കറ്റില്‍ സാധാരണയായി നടക്കാറില്ല എന്നതാണ് വാസ്തവം.’- യുവരാജ് സിംഗ് കൂട്ടിച്ചേർത്തു.