പശുവിനെ വെടിവച്ചു കൊന്ന് ഇറച്ചിവിറ്റ യുട്യൂബര്‍ ഇറച്ചിക്കറി നല്‍കിയത് പൊലീസ് സ്റ്റേഷനിലും; ദൃശ്യം യുട്യൂബില്‍ കൂടി പുറത്തുവിട്ടു; പിടിയിലായത് മൃഗങ്ങളെ വെടിവച്ച്‌ കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്ന് പേർ

Spread the love

സ്വന്തം ലേഖിക

കടയ്ക്കല്‍ : ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിട്ട പശുവിനെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ ചിതറ ഐരക്കുഴി രജീഫ് (റെജി-35) ഇറച്ചിക്കറി വച്ച്‌ പൊലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തിരുന്നു.

കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്‍, കടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം ചെയ്ത ശേഷം ദൃശ്യം യുട്യൂബില്‍ കൂടി പുറത്ത് വിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച്‌ കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്. കടയ്ക്കല്‍ ഐരക്കുഴി സ്വദേശി കമറുദ്ദീന്‍,മകന്‍ റജീഫ്,കൊച്ചാഞ്ഞിലിമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്.

ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിട്ട കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുളള ഗര്‍ഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്.
മേഖലയില്‍ സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച്‌ നാട്ടുകാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും പിടിയിലായത്.

30,000 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഓയില്‍പാം എസ്റ്റേറ്റില്‍ സാധാരണക്കാരായ കര്‍ഷകരാണ് അവരുടെ പശുക്കളെ ഉള്‍പ്പെടെ മേയാന്‍ വിടുന്നത്. കമ്പംകോട് അഭിലാഷ് ഭവനില്‍ സജിയുടെ പശുവിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
വാഹനവും തോക്കും ഇവരില്‍ നിന്നു പൊലീസ് പിടിച്ചെടുത്തിരുന്നു.

യുട്യൂബര്‍ എന്നു പറ‍ഞ്ഞു വാഹനവുമായി ഓയില്‍പാം എസ്റ്റേറ്റില്‍ കടന്നു കയറുകയാണ് റജീഫും സംഘത്തിന്റെയും പതിവ്. ഓയില്‍പാം ചിതറ, വിളക്കുപാറ എസ്റ്റേറ്റുകളില്‍ പന്നി, പശു എന്നിവയെ വെടിവച്ച്‌ ഇറച്ചി കടത്തുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു.