play-sharp-fill
പാലക്കാട് മലമ്പുഴയിൽ  മല കയറുന്നതിനിടെ  കാൽവഴുതി വീണ് യുവാവ് കുടുങ്ങിയിട്ട് രണ്ട് നാൾ; ഭക്ഷണവും വെള്ളവുമായി കരസേനാ സംഘം ബാബുവിനടുത്തേക്ക്; രക്ഷാപ്രവർത്തനം അതിരാവിലെ; രക്ഷാപ്രവർത്തനത്തിന് കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി

പാലക്കാട് മലമ്പുഴയിൽ മല കയറുന്നതിനിടെ കാൽവഴുതി വീണ് യുവാവ് കുടുങ്ങിയിട്ട് രണ്ട് നാൾ; ഭക്ഷണവും വെള്ളവുമായി കരസേനാ സംഘം ബാബുവിനടുത്തേക്ക്; രക്ഷാപ്രവർത്തനം അതിരാവിലെ; രക്ഷാപ്രവർത്തനത്തിന് കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ
പാലക്കാട് : മല കയറുന്നതിനിടെ കാൽ വഴുതി വീണ് പാറയിടുക്കിൽ പെട്ട യുവാവിനെ 35 മണിക്കൂർ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല. തിങ്കളാഴ്‌ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം എരിച്ചരത്തെ കൂർമ്പാച്ചിമല കയറിയ ചെറാട്ടിലെ റഷീദയുടെ മകൻ ബാബു(23) ആണ് പകൽ രണ്ടോടെ അപകടത്തിൽപ്പെട്ടത്. ചെങ്കുത്തായ പാറയിടക്കിലേക്ക്‌ വഴുതിവീണ്‌ ഇടയിൽ കുടുങ്ങുകയായിരുന്നു.

വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് കലക്ടർ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. പുലർച്ചയോടെ ബാബുവിനെ പുറത്തെത്തിക്കാനാണ് ശ്രമമെന്നും കലക്ടർ വ്യക്തമാക്കി.

ആധുനിക ഉപകരണങ്ങളുമായി രണ്ടു സൈനിക സംഘങ്ങൾ ഇന്നലെ രാത്രി സ്ഥലത്തെത്തി. പർവതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവിൽനിന്ന് സുലൂർ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനിൽനിന്നുമാണ് എത്തിയത്. മലയാളിയായ ലഫ്.കേണൽ ഹേമന്ത് രാജാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് രക്ഷാപ്രവർത്തനത്തിനായി മലമുകളിൽ എത്തിയ ദൗത്യസംഘത്തിന് യുവാവുമായി സംസാരിക്കാൻ സാധിച്ചതായും യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു.

രക്ഷാപ്രവർത്തനത്തിന് കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ബെംഗളുരു പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാൻഡോകള്‍ പുറപ്പെട്ടു. വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ കോയമ്പത്തൂരിനു സമീപമുള്ള സുലൂരിലെ വ്യോമതാവളത്തിൽ എത്തുന്ന സംഘം റോഡ് മാര്‍ഗമാണ് മലമ്പുഴയിലെത്തുക.

രക്ഷപ്രവർത്തകരുടെ സുഗമമായ സഞ്ചാരത്തിന് വാളയാർ മുതൽ മലമ്പുഴ വരെയുള്ള റോഡിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ പോലീസിന് നിർദ്ദേശം നൽകി.

കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും ഇന്നു രാവിലെ നടക്കും. സഹായിക്കാൻ പൊലീസിന്റെ ആന്റി ടെററിസ്റ്റ് ടീം മലപ്പുറത്തുനിന്ന് രാത്രി എത്തി. തിങ്കളാഴ്ച രാത്രി തന്നെ വനം, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സംഘം മല കയറിയെങ്കിലും ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം നടന്നില്ല.

ഇന്നലെ രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയർ ഇറക്കി പാറയിടുക്കിൽ എത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്തമായ കാറ്റും കാരണം പിന്മാറേണ്ടി വന്നു. ഡ്രോണിൽ ഭക്ഷണമെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സന്നദ്ധ സംഘടനകളും ആദിവാസികളും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ബാബു സുരക്ഷിതനാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാലും പകൽ ചൂടും രാത്രി തണുപ്പും കാരണവും അതീവ ക്ഷീണിതനാണ്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായതോടെ ബന്ധപ്പെടാൻ കഴിയുന്നില്ല.

ബാബുവും മൂന്ന് സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാൻ തുടങ്ങി.1000 മീറ്റർ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി.അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോൾ കാൽ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കിൽ കുടുങ്ങി.

വീഴ്ചയിൽ കാലിനു പരുക്കേറ്റു. അപകടത്തിനുശേഷം കയ്യിലുള്ള മൊബൈൽ ഫോണിൽ ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു. അഗ്നിരക്ഷാ സേനയെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യർഥിച്ചു. രാത്രി മൊബൈൽ ഫോണിന്റെ ഫ്ലാഷ് തെളിച്ചും രാവിലെ ഷർട്ടുയർത്തിയും രക്ഷാപ്രവർത്തകരുടെ കണ്ണിൽ പെടാൻ ശ്രമിച്ചു. ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ ബാബുവിനെ കാണാനും അപകടസ്ഥലം മനസ്സിലാക്കാനും കഴിഞ്ഞു. ‌