play-sharp-fill
യു.ഡി.എഫിനെ വഞ്ചിച്ച കേരള കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാനില്ല: യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി സ്ഥാനങ്ങൾ രാജി വച്ചു

യു.ഡി.എഫിനെ വഞ്ചിച്ച കേരള കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാനില്ല: യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി സ്ഥാനങ്ങൾ രാജി വച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടിയിലെ സ്ഥാനങ്ങൾ രാജി വച്ചു. യൂത്ത് കോൺഗ്രസ് പിറവം പാർലമെന്റ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കലാണ് പാർട്ടി സ്ഥാനങ്ങൾ രാജി വച്ചത്. 
കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്നു പ്രഖ്യാപിച്ചാണ് അരുൺ പാർട്ടി സ്ഥാനങ്ങൾ രാജി വച്ചിരിക്കുന്നത്. രാജിക്കത്ത് സംസ്ഥാന , ജില്ലാ നേതൃത്വങ്ങൾക്ക് അയച്ചു നൽകിയിട്ടുണ്ട്. പിറവം നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയാണ് അരുൺ കല്ലറയ്ക്കൽ. പ്രദേശത്തെ യുവാക്കളെ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസിനെ കെട്ടിപ്പെടുക്കുന്നതിൽ നിർണ്ണായക ശക്തിയായിരുന്നു അരുൺ. 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്നണി വിട്ട് ഒറ്റയ്ക്ക് നിന്ന കേരള കോൺഗ്രസിനെ വീണ്ടും മുന്നണിയിലേയ്ക്ക് പരിഗണിക്കുകയും, തുടർന്ന് രാജ്യസഭാ സീറ്റും ഇപ്പോൾ പാർലമെന്റ് സീറ്റും നൽകിയതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ അരുൺ പാർട്ടി സ്ഥാനം രാജിവച്ചിരിക്കുന്നത്. സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് തന്റെ രാജിയിലൂടെ പുറത്ത് വന്നതെന്ന് അരുൺ വ്യക്തമാക്കുന്നു.


അരുണിന്റെ രാജിക്കത്ത് ഇങ്ങനെ

*യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം രാജി വയ്ക്കുന്നു.* രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം,അതിനായി ഏത് കുറ്റിച്ചൂലിനും വോട്ട് ചെയ്യും .പക്ഷെ മാണി ഗ്രൂപ്പ്‌ സ്ഥാനാർഥിക്കായി പ്രവർത്തിക്കാനില്ല.കേരള കോൺഗ്രസ്‌ മാണി വിഭാഗത്തിനെതിരെ മുൻപ് സ്വീകരിച്ച നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു.ഞാൻ എടുത്ത നിലപാടുകൾക്കൊപ്പം നിന്ന പ്രീയപെട്ട സഹപ്രവർത്തകരുടെ ആത്മാഭിമാനത്തിലും വലുതായി ഒന്നുമില്ല.പാർട്ടിയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോൾ മുന്നണി സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കാതെ ഇരിക്കുന്നത് അനൗചിത്യം ആയതുകൊണ്ട് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം രാജി വയ്ക്കുന്നു.നാളിതുവരെ കൂടെ നിന്ന എല്ലാ സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി………
അരുൺ കല്ലറക്കൽ