കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി,; വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍
സ്വന്തം ലേഖകൻ
കോഴിക്കോട്: കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. സ്ത്രീ ഒഴുകി വരുന്നത് കണ്ടതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മൊകവൂര്‍ സ്വദേശിയാണ് വീട്ടമ്മ.
ആദ്യം നീര്‍നായയാണെന്നാണ് കരുതിയതെന്നും തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ വെള്ളത്തിലേക്ക് ചാടിയതെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീയെ കരയ്‌ക്കെത്തിച്ച ശേഷം യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്ഥലത്തെത്തി, യുവാക്കളോടൊപ്പം വെള്ളത്തിലിറങ്ങി. രണ്ടരമീറ്ററോളം ഉയരവും ഒരാള്‍പ്പൊക്കത്തില്‍ വെള്ളവുമുള്ള കനാലില്‍നിന്ന് സാഹസികമായാണ് സ്ത്രീയെ കരയ്‌ക്കെത്തിച്ചത്. പൊലീസ് വാഹനത്തില്‍ത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റി. കാല്‍വരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരില്‍നിന്ന് മൊഴിയെടുത്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും എലത്തൂര്‍ പൊലീസ് പറഞ്ഞു.