
തിരുവനന്തപുരം: കേരളത്തിൽ യുവാക്കൾ ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേ. ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മർദത്തിലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ബാങ്കിങ്, ഇൻഷുറൻസ് (80.6%), ഓൺലൈൻ പ്ലാറ്റ്ഫോം ഡെലിവറി സർവീസ് (75.5%) എന്നീ മേഖലകളാണ് തൊഴിൽ സമ്മർദത്തിൽ തൊട്ടുപിന്നിൽ. 30–39 പ്രായപരിധിയിലുള്ളവരാണ് കൂടുതൽ തൊഴിൽ സമ്മർദം അനുഭവിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു. പുരുഷൻമാരെ (73.7%) അപേക്ഷിച്ചു സ്ത്രീകളാണ് (74.7%) കൂടുതൽ സമ്മർദം നേരിടുന്നത്. ഇതുമൂലം മാനസിക, ശാരീരിക പ്രശ്നങ്ങൾ കൂടുതൽ നേരിടുന്നതും സ്ത്രീകളാണ്.
ജോലിഭാരം കാരണം തൊഴിൽ–ജീവിത സന്തുലനം തെറ്റിയതായി 68.25% പേരും വ്യക്തമാക്കി. ഇതിലും സ്ത്രീകളാണ് കൂടുതൽ. കൂടാതെ സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴിൽ സമ്മർദത്തിന്റെ മുഖ്യകാരണമായി കണ്ടെത്തി. തൊഴിൽ സമ്മർദം നേരിടുന്നതിനായി മദ്യപിക്കുന്ന ശീലം കൂടുന്നതായും സർവേ വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
18–40 പ്രായത്തിലുള്ള 1,548 പേരാണ് സർവേയിൽ പങ്കെടുത്തത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശുപാർശകൾ കൂടി ഉൾപ്പെടുന്ന റിപ്പോർട്ട് കമ്മിഷൻ ചെയർമാൻ എം ഷാജർ മുഖ്യമന്ത്രിക്കു കൈമാറി. ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മാർച്ച് 3, 4 തീയതികളിൽ കഴക്കൂട്ടത്ത് സെമിനാർ സംഘടിപ്പിക്കും.



