play-sharp-fill
ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിൽ വ്യാജ കമ്പനി സ്ഥാപിച്ച് ഇരുപത് ലക്ഷം തട്ടി: യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെതിരെ വിജിലൻസ് കേസ്; ഭാര്യയും കെ.എഫ്.സി മാനേജരും പ്രതിയാകും

ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിൽ വ്യാജ കമ്പനി സ്ഥാപിച്ച് ഇരുപത് ലക്ഷം തട്ടി: യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെതിരെ വിജിലൻസ് കേസ്; ഭാര്യയും കെ.എഫ്.സി മാനേജരും പ്രതിയാകും

സ്വന്തം ലേഖകൻ 

കോട്ടയം: ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിൽ വ്യാജ കമ്പനിയുണ്ടാക്കി കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ അടക്കം ആറു പേർക്കെതിരെ വിജിലൻസ് കേസ്. സജി മഞ്ഞക്കടമ്പൻ, ഭാര്യയും കമ്പനിയുടെ പാർട്ണറുമായ ലത സജി, സുഹൃത്തുക്കളും പാലാ സ്വദേശികളുമായ സിറിൽ സിറിയക്, പ്രിൻസി പി. അലക്സ് , ഷീനാമോൾ കെ.എ, കേരള ഫിനാഷ്യൽ കോർപ്പറേഷൻ പ്രോജക്ട് എക്സിക്യുട്ടീവ് അഞ്ജു മരിയ ലോപ്പസ് എന്നിവരെ പ്രതിയാക്കിയാണ് വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ കേസ് രജിസ്റ്റർ ചെയ്തത്. പാലാ സ്വദേശിയായ ബിൻസ് ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയുടെ നിർദേശാനുസരണമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് സജി മഞ്ഞക്കടമ്പനും ഭാര്യയും സുഹൃത്തുക്കളും പാർട്ണർമാരായി പാലാ കേന്ദ്രീകരിച്ച് മഞ്ഞക്കടമ്പിൽ ടയേഴ്സ് എന്ന പേരിൽ സ്ഥാപനം ആരംഭിച്ചത്. ടയർ റീട്രേഡിംഗും വീൽബാലൻസിംഗും അടക്കമുള്ള ജോലികൾ ചെയ്യുന്നതിനായാണ് കമ്പനി ഇവർ ആരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് മൂലധനം കണ്ടെത്തുന്നതിനായി ഇരുപത് ലക്ഷം രൂപ സജിയും സുഹൃത്തുക്കളും ചേർന്ന് വായ്പയായി കെ.എഫ്.സിയിൽ നിന്നും വാങ്ങി. തൊഴിൽ രഹിതരായ യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നൽകുന്ന ഇരുപത് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയാണ് ഇവർക്ക് കെ.എഫ്.സി നൽകിയത്. ഒരു അംഗത്തിന് നാലു ലക്ഷം രൂപ വിതമാണ് ലഭിച്ചിരുന്നത്. 
ഇത്തരത്തിൽ വായ്പ ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ സുഹൃത്തുക്കളെ കമ്പനിയുടെ ബോർഡിൽ നിന്നും ഒഴിവാക്കിയതായി വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സജിയുടെ ഭാര്യ ലത തലനാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരിയാണെന്നതും, മഞ്ഞക്കടമ്പൻ ജില്ലാ പഞ്ചായത്ത് അംഗമാണെന്നത് മറച്ചു വച്ചുമാണ് കെ.എഫ്.സിയിൽ അപേക്ഷ നൽകി വായ്പ പാസാക്കി എടുത്തത്. ഇതു സംബന്ധിച്ചു ആരോപണം ഉയർന്നതോടെ പാലാ സ്വദേശിയായ ബിൻസ് ജോസഫ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശാനുസരണം പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി. തുടർന്ന് കേസ് എടുത്ത് അന്വേഷണം നടത്താൻ നിർദേശം നൽകുകയായിരുന്നു.