ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മരത്തിലിടിച്ചു ; 3 യുവാക്കൾക്കു ദാരുണാന്ത്യം ; ബേക്കറിയിൽ ചായകുടിച്ചു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം ; വാഹനത്തിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ
പൊള്ളാച്ചി : കോയമ്പത്തൂർ റോഡ് കിണത്തുക്കടവിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ടു വശത്തെ മരത്തിലിടിച്ചു 3 യുവാക്കൾ മരിച്ചു. സിങ്കയ്യൻ പുതൂർ സ്വദേശികളായ പ്രഭു (33), വീരമണി (33), കറുപ്പുസാമി (29) എന്നിവരാണു മരിച്ചത്. ഉറ്റസുഹൃത്തുക്കളായ 3 പേരും രാവിലെ കോയമ്പത്തൂർ റോഡ്, ഏഴൂർ ഡിവിഷനു സമീപമുള്ള ബേക്കറിയിൽ ചായകുടിച്ചു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
വീരമണിയാണു വാഹനം ഓടിച്ചത്. വീർപ്പകൗണ്ടന്നൂർ കാതറുത്താൻമേട് ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട വാഹനം റോഡിന് ഇടതുവശത്തെ പനയിൽ അതിവേഗം ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ മൂവരുടെയും തലയിലും ദേഹത്തും ഗുരുതരമായി പരുക്കേറ്റു. അതുവഴി വന്ന മറ്റു വാഹനനങ്ങളിലെ യാത്രക്കാർ ഇവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. മൂന്നു പേരും വഴിമധ്യേ മരിച്ചതായി പരിശോധിച്ച ഡോക്ടർ പറഞ്ഞു.
വാഹനത്തിന്റെ അമിതവേഗമാണ് അപകടകാരണമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നിയമവിരുദ്ധമായ ഇരുചക്ര വാഹനത്തിൽ 3 പേരാണു സഞ്ചരിച്ചത്. ഇവർക്കു ഹെൽമറ്റുമില്ലായിരുന്നു. അവിവാഹിതരായ 3 പേരും സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. പൊങ്കൽ ആഘോഷ വേളയിലെ യുവാക്കളുടെ മരണം നാട്ടുകാരെ ദുഃഖത്തിലാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group