
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന 51 സെക്കന്‍ഡ് വീഡിയോ; മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് ടിക്ടോക്കില്‍ തയാറാക്കിയ വീഡിയോ പ്രചരിപ്പിച്ചു: വ്യാജ ഇലക്‌ട്രോണിക് ഡോക്യൂമെന്റ് തയ്യാറാക്കി: യൂത്ത് കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളി സൈബര്‍ പൊലീസിൻ്റെ പിടിയിൽ; അംഗപരിമിതനായ ആറന്മുള എരുമക്കാട് സ്വദേശിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് സ്യൂമോട്ടോ കേസ്….
സ്വന്തം ലേഖിക
പത്തനംതിട്ട: മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തി വീഡിയോയും ഇലക്‌ട്രോണിക് ഡോക്യൂമെന്റും ചമച്ച് പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സൈബര്‍ സേനാംഗത്തെ അറസ്റ്റ് ചെയ്ത് സൈബര്‍ പൊലീസ്.
ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എരുമക്കാട് സ്വദേശി സിബി എം. ജോണ്‍സനെയാണ് തിരുവനനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആറന്മുള പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗപരിമിതനും രോഗിയുമാണ് യുവാവ്. യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും സൈബര്‍ പോരാളിയുമാണ്. വെള്ളിയാഴ്ച വൈകിട്ടാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
സ്യൂമോട്ടോ കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനങ്ങളിലെ പല ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് തെറ്റിധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്.
ബുധനാഴ്ചയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആറന്മുള പൊലീസിന്റെ സഹായത്തോടെയാണ് സിബിനെ പിടികൂടിയത്. ഇയാളെ ആറന്മുളയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തിനും ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടി ആള്‍മാറാട്ടം നടത്തി വ്യാജ ഇലക്‌ട്രോണിക് ഡോക്യുമെന്റ് ചമച്ചു യഥാര്‍ഥമെന്ന വ്യാജേനെ പ്രചരിപ്പിച്ചു, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എഡിറ്റ് ചെയ്ത് മീഡിയ വണ്‍.ഇന്‍ എന്ന വാട്ടര്‍മാര്‍ക്ക് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് സാഹിബ് എന്ന പേരില്‍ ടിക്ടോകില്‍ തയാറാക്കിയ വീഡിയോ പ്രചരിപ്പിച്ചു എന്നിവയാണ് ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍.
എസിപി പി. പി. കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ബിനോജാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേ സമയം എരുമക്കാട് സ്വദേശി സിബി എം. ജോണ്‍സനെ കസ്റ്റഡിയിലെടുത്ത വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ ആറന്മുള പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.