
കോടിയേരി ബാലകൃഷ്ണന്റെ രാജി: യൂത്ത് കോൺഗ്രസ് കോട്ടയം നഗരത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു യോഗം ചേർന്നു
സ്വന്തം ലേഖകൻ
കോട്ടയം: സ്വർണ്ണക്കടത്ത് – മയക്കുമരുന്നുകൾ കേസിൽ കുടുങ്ങി മകൻ ബിനീഷ് കൊടിയേരി ജയിലിൽ ആയ സാഹചര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ രാജി വച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആഹ്‌ളാദ യോഗം ചേർന്നു. സ്വർണ്ണക്കടത്ത് – ലൈഫ് മിഷൻ – മയക്കുമരുന്നു കേസുകളിൽ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിന്റെ ഭാഗമായാണ് ഇപ്പോൾ കൊടിയേരിയുടെ രാജിയിൽ കലാശിച്ചിരിക്കുന്നതെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ആഹ്‌ളാദ യോഗത്തിന്റെ ഭാഗമായി കമ്പിത്തിരിയും, പൂത്തിരിയും കത്തിച്ചാണ് ആഹ്‌ളാദ യോഗം ചേർന്നത്.
കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നിൽ നിന്നും കൊടിയേരിയുടെ ചിത്രം സഹിതമാണ് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയത്. കൊടിയേരിയുടെ ചിത്രത്തിൽ പുറത്തേയ്ക്ക് എന്നുള്ള സൂചന നൽകി മാർക്ക് ചെയ്തിരുന്നു. അടുത്തത് പിണറായി വിജയനാണ് എന്ന സൂചന നൽകി നെക്സ്റ്റ് എന്നു എഴുതിയ സിംബൽ പിണറായിയുടെ ചിത്രത്തിനൊപ്പം ചേർത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു നടന്ന യോഗവും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പുഷ്പലത സി.ബി , സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ടോം കോര അഞ്ചേരി, സിജോ ജോസഫ്, അഡ്വ.വിഷ്ണു സുനിൽ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജെനിൻ ഫിലിപ്പ്, അനീഷ തങ്കപ്പൻ, റിജു ഇബ്രാഹിം, ഡി.സി.സി സെക്രട്ടറി ബാബു കെ.കോര എന്നിവർ പ്രസംഗിച്ചു.