അന്യ സംസ്ഥാനത്ത് നിന്ന് എത്തിക്കുന്ന അതിമാരക മയക്കുമരുന്നായ 1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് പ്രദേശത്തെ ലഹരി മാഫിയയുടെ പ്രധാന കണ്ണി
തൃശൂർ: അതിമാരക മയക്കുമരുന്നായ 1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഫവാസ് (32) എന്ന യുവാവിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുന്ന മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രദേശത്ത് വളർന്നു വരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്. ചാവക്കാട് പ്രദേശങ്ങളിൽ വരാനിരിക്കുന്ന ഉത്സവങ്ങളോട് അനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികളാണ് ചാവക്കാട് പോലീസിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടുളളത്.
ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും സന്നദ്ധ സംഘടനകളും മറ്റും ഇക്കാര്യത്തിൽ സജീവ ജാഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചു. ഇത്തരത്തിലുളള കാര്യങ്ങൾ അറിവിൽ പെട്ടാൽ ഉടനെ പോലീസിൽ വിവരമറിയിക്കണമെന്നും ഇത്തരം കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നവർക്കെതിരെ കാപ്പ ഉൾപ്പടെയുളള അതിശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എസ്എച്ച്ഒ വിമൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണ സംഘത്തിൽ എസ്ഐമാരായ പ്രീത ബാബു, പി.വി അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇ.കെ ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ, തൃശൂർ സിറ്റി ഡാൻസാഫ് ടീമിലെ അംഗങ്ങളായ സുജിത്ത്, നിബു നെപ്പോളിയൻ എന്നിവരും ഉണ്ടായിരുന്നു.