
ട്രെയിനിൽ നിന്നും കൂടുതൽ ബാഗുകൾ ഇറക്കുന്നതിൽ സംശയം; റെയിൽവേ ക്രൈംബ്രാഞ്ച് പരിശോധനയിൽ ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ലഹരി വില്പന നടത്തുന്ന യുവാവ് പിടിയിൽ; ഇയാളിൽ നിന്ന് 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു
ആലപ്പുഴ: ഇരുപത് കിലോ കഞ്ചാവുമായി കലവൂർ സ്വദേശി ആലുവാ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് അയ്യന്‍കാളി ജംങ്ഷന് സമീപം ഷാബൈത്തിൽ ഷഹൻഷാ (26) ആണ് പിടിയിലായത്.
ഒരാൾ കൂടുതൽ ബാഗുകൾ ട്രെയിനിൽ നിന്നും ഇറക്കുന്നത് കണ്ട് സംശയം തോന്നിയ റെയിൽവേ ക്രൈംബ്രാഞ്ച് വിഭാഗമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്ഥലത്തെത്തിയ എക്സൈസിന് കേസ് കൈമാറി.
തുടർച്ചയായി ഇയാൾ കഞ്ചാവ് ഭുവനേശ്വറിൽ നിന്നും കൊണ്ടുവരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാൾ ആലപ്പുഴയിലും എറണാകുളത്തും പരിസരപ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും കഞ്ചാവ് വിറ്റു വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ലഹരി വില്പന നടത്തിവരുന്ന ഇയാൾക്കെതിരെ പരാതി പറയുവാൻ നാട്ടുകാർക്കും ഭയമായിരുന്നു. ആലപ്പുഴ എക്സൈസിൽ നിലവിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസ് ഉണ്ട്. കേസുകളിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.