പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ പെട്രോളും ലൈറ്ററുമായെത്തി ഭീഷണി; യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു; പിടിയിലായത് കുറ്റ്യാടി സ്വദേശിയായ ഇരുപത്തിനാലുകാരൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ പെട്രോളും ലൈറ്ററുമായെത്തി ഭീഷണിമുഴക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. താമരശ്ശേരിയിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുറ്റ്യാടി പാലേരി മരുതോളി മീത്തൽ അരുൺജിത്ത് (24) ആണ് പെട്രോളും ലൈറ്ററും സഹിതം പിടിയിലായത്.
ഇൻസ്റ്റാഗ്രാംവഴി വർഷങ്ങൾക്കുമുമ്പ് പരിചയപ്പെട്ട പെൺസുഹൃത്തിൻ്റെ വീട്ടിലാണ് ഇയാളെത്തി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. താമരശ്ശേരി പോലീസ് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുമ്പും പെൺകുട്ടിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായെത്തിയ അരുൺജിത്തിനെ പെൺകുട്ടിയുടെ പിതാവ് താക്കീത് നൽകി മടക്കിയയച്ചിരുന്നു. ഞായറാഴ്ച യുവാവ് വീട്ടിലേക്കു വരുന്നതുകണ്ട പെൺകുട്ടിയുടെ മാതാവ് വാതിലടച്ചു.
അതോടെ വീടിനകത്തേക്ക് പ്രവേശിക്കാനാവാതിരുന്ന അരുൺജിത്ത് കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് അപായപ്പെടുത്തുമെന്ന തരത്തിൽ ഭീഷണിമുഴക്കിയെന്നാണ് പരാതി. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ ബലമായി പിടികൂടി തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.