
കൊണ്ടോട്ടി: സ്റ്റേഷനറിക്കടയിൽ രാത്രി ഭക്ഷണസാധനങ്ങൾ മോഷ്ടിക്കാൻ കയറിയെന്ന് ആരോപിച്ച് രണ്ട് പ്ലസ്ടു വിദ്യാർഥികളെ കടയുടമകൾ മണിക്കൂറുകളോളം ക്രൂരമായി തല്ലിച്ചതച്ചു. കുട്ടികൾ കടയിൽക്കയറിയപ്പോൾ ഉടമകൾ അവിടെയുണ്ടായിരുന്നു. കുട്ടികളെ പിടികൂടിയ യുവാക്കൾ പുലർച്ചെ രണ്ടരമുതൽ ആറരവരെ അവരെ തുടർച്ചയായി മർദിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ കിഴിശ്ശേരി വളപ്പിൻകുണ്ടിലുള്ള കടയിൽ കയറിയ വിദ്യാർഥികളെയാണ് ഉടമകളായ കിഴിശ്ശേരി ആലിൻചുവട് ടി.കെ. ഹൗസിൽ മുഹമ്മദ് ആഷിക് (25), ആദിൽ അഹമ്മദ് (23) എന്നിവർ ഇരുമ്പുവടിയും മരക്കഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്.
അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റമാരോപിച്ച് പോലീസിനെ ഏൽപ്പിച്ചു. കുട്ടികൾക്ക് കടുത്ത മർദനമേറ്റിട്ടുണ്ടെന്നു കണ്ടതോടെ കൊണ്ടോട്ടി പോലീസ് യുവാക്കളെ പിടികൂടി കൊലപാതകശ്രമത്തിന് കേസെടുത്തു. സഹോദരന്മാരായ ഇവരെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇരുവരും വ്യത്യസ്ത സ്കൂളുകളിലാണ് പഠിക്കുന്നത്. അറസ്റ്റുചെയ്ത യുവാക്കളെ മലപ്പുറം കോടതിയിൽ ഹാജരാക്കി. ഇരുവരെയും 14 ദിവസം റിമാൻഡ് ചെയ്തു. കുട്ടികൾക്കെതിരേ മോഷണത്തിന് ജുവനൈൽ ബോർഡിൽ റിപ്പോർട്ട് കൊടുത്തതായി പോലീസ് പറഞ്ഞു.




