
കൊച്ചി: കൊച്ചിയില്‍ സലൂണില്‍ യുവാക്കള്‍ക്ക് ക്രൂരമർദ്ദനം.
കൊല്ലം സ്വദേശികളായ യുവാക്കള്‍ക്കാണ് മർദ്ദനമേറ്റത്. റോഡിലൂടെ കടന്നുപോയ പ്രതികളെ സലൂണില്‍ ഇരുന്ന യുവാക്കള്‍ നോക്കി എന്നു പറഞ്ഞായിരുന്നു അതിക്രൂരമായ മർദനം. സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.
കൊച്ചി കറുകപ്പള്ളി ജംഗ്ഷനിലെ ഫ്രീക്സ് സലൂണില്‍ മുടിവെട്ടാൻ കാത്തിരിക്കുകയായിരുന്നു കൊല്ലം സ്വദേശികളായ ശ്രാവണും കണ്ണനും. പെട്ടന്നാണ് രണ്ട് പേർ സലൂണിലേക്ക് കയറി വന്നത്. പുറത്തേക്ക് തുറിച്ചുനോക്കിയതെന്തിനാണെന്ന ചോദ്യവും മർദനവും ഒരുമിച്ചായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലത്ത് വീണ യുവാക്കളെ പ്രതികള്‍ തല്ലി ചതച്ചു. കഴുത്തില്‍ ചവിട്ടുകയും തറയിലേക്ക് എടുത്തെറിയുകയും ചെയ്തു. ഈ സമയം പ്രതികളില്‍ ഒരാള്‍ പുറത്തുപോയി കല്ലെടുത്തു ശ്രാവണിന് നേരെ വീശി. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മർദ്ദനത്തിനിടയില്‍ കണ്ണൻ വിവരമറിയിച്ച് പൊലീസ് വരുന്നെന്നറിഞ്ഞ് പ്രതികള്‍ രക്ഷപ്പെട്ടു.
യുവാക്കളുടെ പരാതിയില്‍ കേസെടുത്ത എളമക്കര പോലീസ് രണ്ട് പേരെ പിടികൂടി.
മാമംഗലം സ്വദേശികളായ മുഹമ്മദ് ബിലാല്‍, മുഹമ്മദ് ബിന്യാമിൻ എന്നിവരാണ് പിടിയിലായത്. ഇരുവരും സഹോദരങ്ങളാണ്. ഇവർക്കൊപ്പമെത്തിയ മറ്റുള്ളവർക്കായി തെരച്ചില്‍ തുടരുകയാണ്. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.