
ഭര്‍ത്താവിനോടു പിണങ്ങി രാത്രി പുഴയില്‍ ചാടി; യുവതിക്കുവേണ്ടി പൊലീസും, അഗ്നിശമന സേനയുടേയും തിരച്ചിൽ; പുഴയിൽ നിന്നും നീന്തി കരക്കു കയറി ഒളിച്ചിരുന്ന യുവതി തിരികെ വീട്ടിലെത്തിയത് ഒരു ദിവസത്തിന് ശേഷം; മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ യുവതിയെ ഭർത്താവിനൊപ്പം വിട്ടയച്ചു; സംഭവം മലപ്പുറത്ത്
സ്വന്തം ലേഖകൻ
മലപ്പുറം: ഭര്‍ത്താവിനോട് പിണങ്ങി പുഴയില്‍ ചാടിയ യുവതി നീന്തിക്കയറി തെങ്ങിന്‍തോപ്പില്‍ ഒളിച്ചിരുന്നു. പുഴയില്‍ ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ യുവതിയുടെ മടങ്ങിവരവ് നാട്ടുകാരെ അത്ഭുതപ്പെടുത്തി.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ എടവണ്ണ ആര്യന്‍തൊടിക കടവിലായിരുന്നു സംഭവം. ഭര്‍ത്താവുമായി എന്തോ പ്രശ്നത്തെ തുടര്‍ന്ന് കടവിലെത്തിയ യുവതി കയ്യിലുണ്ടായിരുന്ന ബാഗും മറ്റും വലിച്ചെറിഞ്ഞ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെയുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ ഇത് കണ്ടതോടെ ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് സമീപവാസികളുടെ നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
രാത്രി പത്തുമണി വരെ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവും പരാതിയുമായി എടവണ്ണ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീണ്ടും പുഴയില്‍ തിരിച്ചില്‍ ആരംഭിച്ചതോടെയാണ് സമീപത്തെ ഒരു തെങ്ങിന്‍തോപ്പില്‍ നിന്നും യുവതിയെ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്. പുഴയില്‍ ചാടിയ ഇവര്‍ നീന്തിക്കയറി ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസിനെ അറിയിച്ചത്. ഭര്‍ത്താവിന്‍റെ പരാതിയില്‍ കേസെടുത്തിരുന്ന പൊലീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യുവതിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം തന്നെ മടക്കി അയച്ചു.