
പസഫിക് സമുദ്രത്തിലെ കുറിൽ ദ്വീപുകൾ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലോ ?!!!; അടൂരിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റികിട്ടിയ യുവാവ് ഇ ചെല്ലാൻ രസീത് കണ്ട് ഞെട്ടി; സ്ഥലവും സമയവും തെറ്റി പെറ്റി; ജിപിഎസ് സംവിധാനത്തിലുണ്ടായ പിഴവെന്ന് പറഞ്ഞ് തടിതപ്പി പൊലീസ്; നിയമവിധേയമായി തന്നാൽ പെറ്റി അടയ്ക്കാമെന്ന് യുവാവ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: അടൂരിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റികിട്ടിയ യുവാവ് ഇ ചെല്ലാൻ രസീത് കണ്ട് ഞെട്ടി. നെല്ലിമുകൾ സ്വദേശി അരുൺ സുദർശനനാണ് വിചിത്രമായ ചെല്ലാൻ രസീത് കിട്ടിയത്. അരുൺ സുദർശനന് കിട്ടിയ ചെല്ലാൻ രസീത് കണ്ടാൽ പസഫിക് സമുദ്രത്തിലെ കുറിൽ ദ്വീപുകൾ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് തോന്നിപ്പോകും.
ചൊവ്വാഴ്ച വൈകുന്നേരമാണ് അരുണും ഭാര്യ അശ്വതിയും മകനും നെല്ലിമുകൾ ഭാഗത്ത് കൂടി സ്കൂട്ടറിൽ യാത്ര ചെയ്തത്. മൂന്ന് പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഹെൽമറ്റില്ലാതെ അരുണും കുടുംബവും സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിന്റെ പടം സഹിതം അടൂർ പൊലീസിന്റെ പിഴയടയ്ക്കാനുള്ള ചെല്ലാൻ ലഭിച്ചത്. സംഭവം നടന്നത് ജപ്പാനും റഷ്യയും അവകാശ തർക്കം ഉന്നയിക്കുന്ന കുറിൽ ദ്വീപിലാണെന്ന് ചെല്ലാനിൽ രേഖപ്പെടുത്തിയിരുന്നത്. ചിത്രം അടൂർ ടൗണിൽ വച്ച് അടൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ പകർത്തിയതാണെന്നായിരുന്നു അടൂർ ട്രാഫിക് പൊലീസ് എസ്ഐ അജി പറഞ്ഞിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇത് പച്ചക്കള്ളമാണെന്ന് അരുൺ പറയുന്നു. ഏപ്രിൽ 11 ന് വൈകിട്ട് 4.31 നാണ് ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തിരിക്കുന്ന ചിത്രം പതിഞ്ഞിരിക്കുന്നത് എന്നാണ് ചെല്ലാനിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ താൻ അതു വഴി പോയത് 3.20 നാണ്. ഈ സമയം ഭാര്യയും ഇളയ കുഞ്ഞുമായിട്ടാണ് നെല്ലിമുകൾ കേരളാ ബാങ്കിൽ പോയത്. ഉടൻ തന്നെ തിരിച്ചു വരികയും ചെയ്തു. ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചുള്ള ചിത്രമാണ് അത്. വൈകിട്ട് ആറരയോടെയാണ് ഇ ചെ്ല്ലാൻ വഴി പിഴയടയ്ക്കാനുള്ള സന്ദേശം എത്തിയത്.
തനിക്കിട്ട് പെറ്റി അടിക്കാനുള്ള വ്യഗ്രതയിൽ സ്ഥലമേതെന്ന് പൊലീസ് നോക്കിയില്ല. സമയവും തെറ്റാണ്. സാധാരണ ഇങ്ങനെ കിട്ടുന്ന പെറ്റി അപ്പോൾ തന്നെ ആൾക്കാർ ഓൺലൈൻ വഴിയോ നേരിട്ടോ കൊണ്ട് അടയ്ക്കുകയാണ് പതിവ്. ചെല്ലാൻ രസീത് അരിച്ചു പെറുക്കി നോക്കുമ്പോഴാണ് പ്ലേസ് ഓഫ് ഇൻസിഡന്റ് കുറിൽ ഐലൻഡ് ആണെന്ന് കണ്ടത്. ഇതേത് സ്ഥലമെന്ന് കൺഫ്യൂഷൻ അടിച്ചാണ് ഗൂഗിളിൽ സേർച്ച് ചെയ്തത്. അപ്പോഴാണ് പസഫിക് സമുദ്രത്തിലെ ദ്വീപ സമൂഹമാണെന്നും അതിന്മേൽ റഷ്യയും ജപ്പാനും അവകാശ തർക്കം ഉണ്ടെന്നും മനസിലാക്കുന്നത്. എന്തായാലും ഈ പെറ്റി താൻ അടയ്ക്കില്ലെന്ന് അരുൺ പറയുന്നു.
നെല്ലിമുഗൾ ജംഗ്ഷനിലുണ്ടായിരുന്ന അടൂർ പൊലീസ് നിയമ ലംഘനം കണ്ടയുടൻ വാഹനത്തിന്റെ ഫോട്ടോ എടുത്തു, ഇ പരിവാഹൻ സൈറ്റിൽ അപ്പ് ലോഡ് ചെയ്തു. തൊട്ടടുത്ത ദിവസം 500 രൂപ പെറ്റി അടയ്ക്കണമെന്ന സന്ദേശവും ഈ ചെല്ലാനും അരുണിന് കിട്ടി.
അരുണിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന ഭാര്യ അശ്വതിക്കും ചെല്ലാൻ രസീത് കണ്ട് അത്ഭുതം. വെബ്ബ്സൈറ്റിൽ വിവരങ്ങൾ അപ്ലോഡ് ചെയ്തപ്പോൾ ജിപിഎസ് സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് സ്ഥലം മാറാൻ കാരണമെന്നാണ് അടൂർ പൊലീസിന്റെ വിശദീകരണം.