ഡീപ്ഫേക്ക് വീഡിയോകള്‍ക്ക് വിലക്ക്; യോഗ ഗുരു ബാബ രാംദേവിന്റെ പേരും ശബ്ദവും അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി

Spread the love

ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ പേര്, ചിത്രം, ശബ്ദം എന്നിവ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കോ മറ്റോ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

video
play-sharp-fill

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഉള്ളടക്കങ്ങള്‍ക്കും ഡീപ്‌ഫേക്ക് വീഡിയോകള്‍ക്കും ഈ വിലക്ക് ബാധകമാണ്.

 

ബാബ രാംദേവ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ജ്യോതി സിംഗിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ അദ്ദേഹത്തിന്റെ ശബ്ദവും ചിത്രവും മാറ്റിമറിച്ച്‌ വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും മരുന്നുകള്‍ക്കും പരസ്യം നല്‍കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് വ്യക്തിത്വ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇത് അദ്ദേഹത്തിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇടയാക്കുമെന്ന് കോടതി വ്യക്തമാക്കി.

 

നിലവില്‍ പ്ലാറ്റ്ഫോമുകളിലുള്ള നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉത്തരവ് ലഭിച്ച്‌ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചു.

 

‘രാംദേവ്’, ‘ബാബ രാംദേവ്’, ‘യോഗ ഗുരു രാംദേവ്’ തുടങ്ങിയ പേരുകളോ അദ്ദേഹത്തിന്റെ പ്രത്യേക സംസാരശൈലിയോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വാണിജ്യപരമോ വ്യക്തിപരമോ ആയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല.

 

യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.

 

‘തന്റെ ചിത്രങ്ങള്‍ വികൃതമാക്കിയും ശബ്ദം ക്ലോണ്‍ ചെയ്തും നിര്‍മ്മിച്ച ഡീപ്‌ഫേക്ക് വീഡിയോകളിലൂടെ താന്‍ ബന്ധമില്ലാത്ത ഉല്‍പ്പന്നങ്ങളെ അനുകൂലിക്കുന്നതായി തെറ്റായ പ്രചാരണം നടക്കുന്നു. ഇത് ആസൂത്രിതമായ നീക്കമാണ്.’ ബാബ രാംദേവ് ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, പാരഡി, കാരിക്കേച്ചറുകള്‍ എന്നിവയുടെ പരിധിയില്‍ വരുന്ന ഉള്ളടക്കങ്ങളെക്കുറിച്ച്‌ കോടതി ഇപ്പോള്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് മാര്‍ച്ച്‌ 12-ലേക്ക് മാറ്റി.