ഗാന​ഗന്ധർവ്വന് പിറന്നാൾ ; 82ന്റെ നിറവിൽ മലയാളികളുടെ ​ഗന്ധർവ്വനാദം; ആശംസകൾ നേർന്ന് ആരാധകർ

ഗാന​ഗന്ധർവ്വന് പിറന്നാൾ ; 82ന്റെ നിറവിൽ മലയാളികളുടെ ​ഗന്ധർവ്വനാദം; ആശംസകൾ നേർന്ന് ആരാധകർ

സ്വന്തം ലേഖകൻ
മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്, ഗാനന്ധര്‍വ്വന്‍ യേശുദാസിന് ഇന്ന് പിറന്നാള്‍, മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഗാന ഗന്ധര്‍വ്വന് സിനിമാലോകവും സംഗീത ആസ്വാദകരും ആശംസകള്‍ ചൊരിയുകയാണ്.

ഒൻപതാം വയസിൽ തുടങ്ങിയ സംഗീതം തലമുറകൾ പിന്നിട്ട് മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു. ഒരു ദിവസം പോലും യേശുദാസിന്‍റെ പാട്ട് കാതില്‍ മുഴങ്ങാതെ ഒരു മലയാളിയുടെയും ദിവസം കടന്നുപോകില്ല. അത്രയ്ക്കുണ്ട് മലയാളികള്‍ക്ക് യേശുദാസുമായുള്ള ബന്ധം. അതില്‍. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ല. എല്ലാവരും തങ്ങളുടെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ തിരഞ്ഞെടുക്കുന്നത് യേശൂദാസിന്‍റെ ശബ്ദമാണ്.

എംബി ശ്രീനിവാസന്റെ സംഗീതത്തിൽ കാൽപാടുകൾ എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവിന്റെ വരികൾ പാടി ആരംഭിച്ച സംഗീത യാത്ര മലയാള സിനിമാ ചരിത്രം അന്നേവരെ ശീലിച്ച ചലച്ചിത്ര സംഗീതത്തിന് ആസ്വാദനത്തിന്റെ പുതുവെളിച്ചം കൂടിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ…”, എന്ന കൃഷസ്തുതി ക്ഷേത്രനടയില്‍ മുഴങ്ങുമ്പോള്‍, ‘ഇടയൻ കൈവിട്ട കുഞ്ഞാടുകൾ, ഇരുളിൽ കൈത്തിരി തിരയുമ്പോൾ…” എന്നത് പള്ളികളില്‍നിന്നും ഉയര്‍ന്നു കേള്‍ക്കാം… അവിടെയും തീരുന്നില്ല, ”ഹരിവരാസനം” കേട്ട് ശബരിമലയിൽ എന്നും അയ്യപ്പൻ ഉറങ്ങാന്‍ പോകുന്നു, “റസൂലേ നിൻ കനിവാലേ..” എന്ന് മിനാരങ്ങളില്‍ മുഴങ്ങുന്നു. ദൈവങ്ങളുടെ രൂപങ്ങള്‍ പലത് എങ്കിലും ദൈവത്തെ സ്തുതിക്കാനുള്ള ശബ്ദം മലയാളികള്‍ക്ക് ഒന്നാണ്… ആ ഗന്ധർവ്വനാദം…

ഗാന ഗന്ധര്‍വ്വന്റെ ഓരോ പാട്ടിനും വേണ്ടി മലയാളികള്‍ കാതോര്‍ത്തിരിക്കുകയാണ്. തിരക്കു പിടിച്ച ജീവിതത്തില്‍ എല്ലാം മറന്നിരിക്കാന്‍, ആ ശബ്ദ മാധുരി ശ്രവിക്കാന്‍, അനുഭവിക്കാന്‍ മലയാളികള്‍ കാതോര്‍ത്തിരിക്കുന്നു.

ഒരു ഗായകന്‍ ഒരു സമൂഹത്തിലേക്ക് ഇത്രമേല്‍ ആഴത്തില്‍ വേരുറപ്പിച്ച കാഴ്ച മറ്റൊരിടത്തും കാണാനാകില്ല. മലയാളിയുമായി ഇഴുകിച്ചേർന്ന ആ ഗന്ധര്‍വ്വനാദത്തിന് തേർഡ് ഐ ന്യൂസ് ലൈവിന്റെ പിറന്നാൾ ആശംസകൾ.