യെച്ചൂരിയുടെ പോരാട്ടം വിജയിച്ചു ; മുഹമ്മദ് യൂസഫ് തരിഗാമിനെ ഡൽഹി എയിംസിലെത്തിച്ചു
സ്വന്തം ലേഖിക
ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീട്ടു തടങ്കലിലായിരുന്ന സി.പി.എം എം.എൽ.എ മുഹമ്മദ് യൂസുഫ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിൽ എത്തിക്കാനായത്. സുപ്രിം കോടതി വിധി പ്രകാരമാണ് നടപടി.
തരിഗാമിക്കൊപ്പം ഡോക്ടറും കുടുംബാംഗങ്ങളുമുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നാണ് അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കിയത്.
തരിഗാമിയുടെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. ഇതേത്തുടർന്ന് യെച്ചൂരിക്ക് അദ്ദേഹത്തെ വീട്ടിലെത്തി കാണാനും ചികിത്സയ്ക്കായി ഡൽഹിയിലെത്തിക്കാനും അനുമതി ലഭിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുൽഗാമിൽ നിന്ന് നാല് തവണ എം.എൽ.എയായ സി.പി.എമ്മിന്റെ കരുത്തനായ നേതാവാണ് തരിഗാമി. ഓഗസ്റ്റ് 29 നാണ് യെച്ചൂരി കശ്മീരിലെത്തിയത്. ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്ക് ശേഷം ആദ്യമായി കശ്മീരിലെത്തിയ ദേശീയ രാഷ്ട്രീയ നേതാവ് കൂടിയാണ് യെച്ചൂരി.
തരിഗാമിയെ കാണാൻ കശ്മീരിലെത്തിയ യെച്ചൂരി ഒരു ദിവസം അവിടെ തന്നെ തങ്ങി. കശ്മീർ സന്ദർശനത്തിന് ശേഷം സുപ്രിം കോടതിയിൽ യെച്ചൂരി റിപ്പോർട്ട് നൽകിയിരുന്നു. തരിഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് യെച്ചൂരി ആശങ്ക പ്രകടിപ്പിച്ചു. 72 വയസ്സുള്ള തരിഗാമിയുടെ ആരോഗ്യനില മോശമാണെന്നാണ് യെച്ചൂരി കശ്മീർ സന്ദർശനത്തിന് ശേഷം പറഞ്ഞത്. ഇതെല്ലാം പരിഗണിച്ചായിരുന്നു സുപ്രിം കോടതിയുടെ ഇടപെടൽ.