പെരുവന്താനം പഞ്ചായത്തിലെ ടിആര്‍ ആൻഡ് ടി എസ്റ്റേറ്റില്‍ ഒരു വര്‍ഷമായി തുടരുന്ന വന്യമൃഗ ശല്യം; വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് കടുവയാണെന്ന് സ്ഥിരീകരിച്ച് അധികൃതർ; എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ച്‌ വനം വകുപ്പ്

Spread the love

സ്വന്തം ലേഖകൻ 

മുണ്ടക്കയം ഈസ്റ്റ്‌: പെരുവന്താനം പഞ്ചായത്തിലെ ടിആര്‍ ആൻഡ് ടി എസ്റ്റേറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് കടുവയാണെന്ന് സ്ഥിരീകരണം. ബുധനാഴ്ച രാത്രിയില്‍ ചെന്നാപ്പാറ ഡിവിഷനിലെ തൊഴിലാളിയുടെ പശുവിനെ കടുവ ആക്രമിച്ച്‌ കൊന്നിരുന്നു.

രാവിലെ ടാപ്പിംഗിന് പോയ തോട്ടം തൊഴിലാളികളാണ് പശുവിനെ കടുവ ആക്രമിച്ച്‌ കൊന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാമറ ദൃശ്യങ്ങളും കാല്‍പ്പാടുകളും പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് എരുമേലി റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു.

മുറിഞ്ഞപുഴ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസര്‍ ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രാജൻ, സുബിൻ രാജു, വാച്ചര്‍മാരായ ഉദയൻ, ഷാജി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. അതേസമയം ശബരിമല വനത്തോട് അതിര്‍ത്തി പങ്കിടുന്ന പെരുവന്താനം പഞ്ചായത്തിലെ ടിആര്‍ ആൻഡ് ടി എസ്റ്റേറ്റില്‍ വന്യമൃഗശല്യം രൂക്ഷമാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി എസ്റ്റേറ്റില്‍ അജ്ഞാത ജീവിയുടെ ആക്രമണം പതിവാണ്. കടുവയോ പുലിയോ ആകാം വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. ബുധനാഴ്ച വനം വകുപ്പ് സ്ഥാപിച്ച കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് കടുവയാണെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആറുപതിലധികം വളര്‍ത്ത് മൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. ടിആര്‍ ആൻഡ് ടി എസ്റ്റേറ്റിലെ ഇഡികെ, ചെന്നാപ്പാറ ഡിവിഷനുകളിലാണ് കടുവയുടെ സാന്നിധ്യം ഉറപ്പിച്ചത്.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ മറ്റൊരു വരുമാന മാര്‍ഗമാണ് കാലി വളര്‍ത്തല്‍. കടുവയുടെ ആക്രമണം രൂക്ഷമായതോടെ പലരും ഈ തൊഴിലില്‍നിന്ന് പിന്മാറിയിരുന്നു. വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കെട്ടിയിരുന്ന കാലികളെ വരെ കടുവ ആക്രമിച്ചതോടെ തൊഴിലാളി കുടുംബങ്ങള്‍ കടുത്ത ഭീതിയിലായിരുന്നു.