
വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി. ബസില്‍ യാത്രക്കാരായ രണ്ട് വിദ്യാർഥിനികളെ അർധരാത്രി അപരിചിതമായ സ്ഥലത്ത് ഇറക്കിവിടാനുള്ള ശ്രമം ബന്ധുക്കളും പെണ്‍കുട്ടികളും ചേർന്ന് തടഞ്ഞു.
വെഞ്ഞാറമൂട് ആലന്തറ തണ്ട്രാംപൊയ്ക സ്വദേശിനികളായ ആദിത്യ എസ്.ഗിരി (18), സുഹൃത്ത് ഗൗരി (18) എന്നിവർക്കാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാരില്‍നിന്ന് ദുരനുഭവമുണ്ടായത്.
ഞായറാഴ്ച രാത്രി തിരുവനന്തപുരം സെന്ററില്‍നിന്ന് കട്ടപ്പനയിലേക്കു പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആദിത്യയുടെ വീട്ടിലേക്കു പോകാനായി വെഞ്ഞാറമൂട്ടിലേക്ക് ടിക്കറ്റ് ചോദിച്ചപ്പോള്‍, അവിടെ നിർത്താൻ കഴിയില്ലെന്നും ഡിപ്പോയ്ക്ക് മൂന്ന് കിലോമീറ്റർ അകലെ അമ്ബലംമുക്ക് അല്ലെങ്കില്‍ നാഗരുകുഴി ഭാഗത്ത് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ ഒറ്റയ്ക്കായതിനാലും വിളിക്കാൻ ആളില്ലാത്തതിനാലും വെഞ്ഞാറമൂട്ടില്‍ തന്നെ ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയ്യാറായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയും പിതാവ് കണ്ടക്ടറുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. എന്നിട്ടും നിലപാട് മാറ്റാതിരുന്ന ബസ് ജീവനക്കാർ നാഗരുകുഴിയില്‍ ബസ് നിർത്തുകയായിരുന്നു.സ്ഥലത്തെത്തിയ ബന്ധുവായ ആദർശ് പെണ്‍കുട്ടികളെ ഡിപ്പോയില്‍ എത്തിക്കാതെ അവർ ഇറങ്ങില്ലെന്ന് വ്യക്തമാക്കിയതോടെ ഡിപ്പോയില്‍ എത്തിക്കാതെ ഇറങ്ങില്ലെന്ന് പെണ്‍കുട്ടികളും പറഞ്ഞു.
ഇതോടെയാണ് തിങ്കളാഴ്ച രാത്രി 12.15-മണിയോടെ ഇവരെ വെഞ്ഞാറമൂട് ഡിപ്പോയില്‍ എത്തിച്ചത്. വെഞ്ഞാറമൂട് ടിക്കറ്റിനു പകരം കിളിമാനൂർ ടിക്കറ്റാണ് നല്‍കിയതെന്നും ജീവനക്കാർ മോശമായി പെരുമാറിയെന്നും കാണിച്ച് പെണ്‍കുട്ടികള്‍ വെഞ്ഞാറമൂട് ഡിപ്പോ അധികൃതർക്ക് പരാതി നല്‍കിയിട്ടുണ്ട്.
നിലവില്‍ രാത്രികാലങ്ങളില്‍ വരുന്ന ബസുകള്‍ യാത്രക്കാർ ഉണ്ടെങ്കില്‍ വെഞ്ഞാറമൂട് എത്തണമെന്ന ഉത്തരവ് ഉണ്ടായിട്ടും വെഞ്ഞാറമൂട് ഭാഗത്തേക്ക് ബസുകള്‍ വരുന്നില്ലെന്നും വ്യാപക പരാതിയുണ്ട്.



