
കൊല്ലം: തെങ്കാശിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ കണ്ടുമുട്ടിയ കണ്ടക്ടറെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോ.
ആശ ഉല്ലാസ്. ഈ കണ്ടക്ടറുടെ പേരൊന്നും തനിക്ക് അറിയില്ലെന്നും, പക്ഷെ ഈ മനുഷ്യനെ പോലുള്ള ഓരോ ജീവനക്കാരും കെഎസ്ആര്‍ടിസിക്ക് ഒരു പൊൻതൂവല്‍ ആയിരിക്കുമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘കഴിഞ്ഞ ദിവസം തെങ്കാശിയിലേക്ക് പോയത് കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു. കൊല്ലത്തു നിന്ന് ഓണഘോഷം കഴിഞ്ഞു വെക്കേഷന് വീട്ടിലേക്ക് പോകുന്ന ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന ഒരു പെണ്‍കുട്ടി, അവള്‍ക്ക് തെന്മലയില് ആയിരുന്നു ഇറങ്ങേണ്ടത്. നല്ല മഴ. മൊബൈലിന് റേഞ്ചും ഇല്ല. കൂട്ടിക്കൊണ്ട് പോകാൻ മാതാപിതാക്കള്‍ക്ക് സമയത്ത് സ്റ്റോപ്പില്‍ എത്തിച്ചേരാൻ സാധിച്ചില്ല.
ആ കുട്ടിയെ തൊട്ട് അടുത്തുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് പുറത്ത് നിർത്തി പോലീസുകാരോട് കാര്യം പറഞ്ഞു . എല്ലാം പറഞ്ഞേര്‍പ്പാടാക്കി പുറപ്പെടാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവളുടെ മാതാപിതാക്കള്‍ അവിടെ എത്തിചേർന്നു. എന്തായാലും ആ രാത്രി അവളെ ആ സ്റ്റോപ്പില്‍ ഒറ്റക്ക് ഇറക്കിവിടാതെ സുരക്ഷിതമായി ഇറക്കിവിട്ട കാഴ്ച്ച ഏറെ സന്തോഷം നല്കി.. ഒരു സഹോദരന്റെ കരുതല്‍ .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി മടങ്ങിയ ഒരു വയോധികയും ബസിലുണ്ടായിരുന്നു. കഴുതുരുട്ടിയിലായിരുന്നു ഇറങ്ങേണ്ടത് . ഇതിനിടെ അവര്‍ ബസില്‍ ഛര്‍ദിച്ചു. തൊട്ടടുത്തുള്ള യാത്രക്കാർ നീരസം പ്രകടിപ്പിച്ചപ്പോള്‍ അവരെ സമാശ്വസിപ്പിച്ചു . കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി . പിന്നെ ടവ്വലും വെള്ളവുമെല്ലാം നല്കി കണ്ടക്ടര്‍ ആ സ്ത്രീയെ ചേര്‍ത്തു നിര്‍ത്തി.
അവർക്ക് ഇറങ്ങുന്ന സ്റ്റോപ്പ് വരെ ഇടക്കിടെ വന്നു അവരോട് എങ്ങനെയുണ്ട് എന്ന് തിരക്കുകയും ചെയ്തു. ഒരു മകന്റെ കരുതല്‍. അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു അമ്മയും മകനും കയറി ഒരു ഹാഫ് ടിക്കറ്റും ഫുള്‍ ടിക്കറ്റും ചോദിച്ചു.
മോനോട് എത്ര വയസ്സായി 5 വയസ്സ് . ഏത് ക്ലാസ്സില്‍ ആണ്. 4 ക്ലാസ്സില്‍ . ഒരേ സമയം ഇദ്ദേഹത്തിന്റെയും ആ അമ്മയുടെയും മുഖത്ത് വിരിഞ്ഞ ഒരു കള്ളചിരി.. കുസൃതി കൈയ്യോടെ പൊക്കിയ അച്ഛന്റെ അതേ കരുതല്‍.. പ്രൈവറ്റ് ബസ്സില്‍ കയറിയ അനുഭവം കൊണ്ടായിരിക്കും ഇറങ്ങുന്നതിന് രണ്ടു സ്റ്റോപ്പ് മുൻപേ യാത്രക്കാരൻ എഴുന്നേറ്റ് നിന്നപ്പോള്‍, നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ആയില്ലല്ലോ എന്ന് പറഞ്ഞു സ്നേഹപൂർവ്വം ഇരിക്കാൻ നിർബന്ധിക്കുന്നു.
ഒരു സഹോദരന്റെ കരുതല്‍. നല്ല ഉയരം ഉണ്ട് ഈ കണ്ടക്ടർക്ക്. നില്‍ക്കുമ്ബോള്‍ ബസിന്റെ റൂഫില്‍ മുട്ടുന്നു. എന്നിട്ടും തന്റെ സീറ്റ് ഒഴിഞ്ഞു കൊടുത്തു യാത്രക്കാരെ അവിടിരുത്തി ഫൂട്ട്ബോർഡില്‍ പോയി നിന്ന് ഡ്രൈവർക്ക് സൈഡ് പറഞ്ഞു കൊടുത്തും വർത്തമാനം പറഞ്ഞും ചില് ആക്കി നിർത്തുന്നു… ഇത്രേം കരുതലും സൗമ്യമായ സമീപനവും ഉള്ള ജീവനക്കാർ ഉള്ളപ്പോള്‍ ആനവണ്ടി എങ്ങനെ കിതക്കാൻ ആണ്, അത് സൂപ്പർഫാസ്റ്റ് ആയി ഓടിക്കൊണ്ടേ ഇരിക്കും’. ഇത്രേം നല്ലൊരു യാത്രനുഭവം സമ്മാനിച്ചതിന് പേര് അറിയാത്ത ഇദ്ദേഹത്തിന് ഒരു നന്ദി പറഞ്ഞില്ലെങ്കില്‍ അത് മോശമാകും എന്ന വരിയോടെയാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.