
പൊലീസിലെ അഴിച്ചു പണി: യതീഷ് ചന്ദ്രയ്‌ക്കെതിരെ ‘സൈബർ’ ആക്രമണം; പ്രധാനമന്ത്രിയെ അപമാനിച്ചതിന് സ്ഥലം മാറ്റിയെന്ന് വാദം
സ്വന്തം ലേഖകൻ
കൊച്ചി: പൊലീസിലെ അഴിച്ചു പണിയുടെ പേരിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന യതീഷ് ചന്ദ്രയ്‌ക്കെതിരെ സൈബർ ആക്രമണം. പൊലീസിൽ സമൂലമാറ്റത്തിന്റെ പേരിൽ യതീഷ് ചന്ദ്രയെയും സ്ഥലം മാറ്റിയപ്പോഴാണ് ഇദ്ദേഹത്തിനെതിരെ സൈബർ ആക്രമണം ആരംഭിച്ചിരിക്കുന്നത്. യതീഷ് ചന്ദ്രപ്രധാനമന്ത്രിയോട് ആദരവ് കാട്ടിയെന്ന പേരിൽ വിവാദമുണ്ടാക്കിയിരിക്കുന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ യതഷ് ചന്ദ്രയെ സ്ഥലം മാറ്റാൻ കാരണമെന്നാണ് വാദം. ഈ വാദം ഉയർത്തുന്നതിനു പിന്നിൽ സംഘപരിവാർ, ബി.ജെ.പി അനൂകൂല ഓൺലൈൻ വെബ് സൈറ്റുകളും ഗ്രൂപ്പുകളുമാണെന്നാണ് വിവരം. ചില മാധ്യമങ്ങളും ഇതു സംബന്ധിച്ചുള്ള വാർത്തകൾ പുറത്തു വിട്ടിരുന്നു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബിജെപിയുമായി ഉടക്കി നിൽക്കുന്ന യതീഷ് ചന്ദ്ര, തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ വിഷയത്തിൽ സംഘപരിവാറുമായി കൂടുതൽ ഉടക്കിലായിരുന്നു. ഇതേ തുടർന്നാണ് കിട്ടിയ അവസരം മുതലാക്കാൻ സംഘപരിവാർ സംഘം ശ്രമം ആരംഭിച്ചിരിക്കുന്നത്. യതീഷ് ചന്ദ്രയെ സൈബർ സെല്ലിന്റെ മേധാവിയായി മാറ്റിയ ശേഷം, പി.കെ മധുവിനെയാണ് തൃശൂർ ജില്ലാ പൊലീസ് മേധാവിയായി നിയോഗിച്ചിരിക്കുന്നത്.
നേരത്തെ ശബരിമല സമരത്തിന്റെ ഭാഗമായി നിലയ്ക്കലിൽ വച്ച് മുൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനുമായി യതീഷ് ചന്ദ്ര ഉടക്കിയിരുന്നു. ഇതേ തുടർന്നാണ് ബിജെപിയുടെ കണ്ണിലെ കരടായി യതീഷ് ചന്ദ്രമാറിയത്. തുടർന്ന് ബിജെപി വൻ പ്രക്ഷോഭമാണ് യതീഷ് ചന്ദ്രയ്‌ക്കെതിരെ വിവിധ സ്ഥലങ്ങളിൽ നടത്തിയത്. സോഷ്യൽ മീഡിയയിൽ യതീഷ് ചന്ദ്രയെ ഭീകരനായി ചിത്രീകരിച്ച് പോലും സോഷ്യൽ മീഡിയ പ്രചാരണമുണ്ടായി.
എന്നാൽ, ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച യതീഷ് ചന്ദ്രയെ സ്ഥലം മാറ്റിയെന്നതാണ് ഏറ്റവും പുതിയ വാദം. നേരത്തെ പ്രധാനമന്ത്രി തൃശൂരിൽ എത്തിയപ്പോൾ യതീഷ് ചന്ദ്ര വേണ്ട രീതിയിൽ ഇദ്ദേഹത്തെ ഗൗനിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ലെന്ന വാദമാണ് ഉയർത്തുന്നത്. ഇതിനിടെ പ്രധാനമന്ത്രിയോടൊപ്പം യതീഷ് ചന്ദ്ര നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ തൃശൂർ സിറ്റി പൊലീസ് പുറത്തു വിട്ട് വാർത്തകളോട് പ്രതികരിച്ചത്.