കേന്ദ്രമന്ത്രിയോട് കയർത്ത യതീഷ് ചന്ദ്രയ്ക്ക് മുട്ടൻപണി വരുന്നു: മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കേന്ദ്രം സംസ്ഥാനത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു; മാപ്പ് പറഞ്ഞ് തലയൂരാൻ യതീഷ് ചന്ദ്രയുടെ നീക്കം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം കത്തി നിൽക്കെ നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യതീഷ് ചന്ദ്രയെ കാത്തിരിക്കുന്നത് മുട്ടൻ പണി. കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനിടെ കേസ് ഒതുക്കിത്തീർക്കാൻ യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് മാപ്പ് പറഞ്ഞേയ്ക്കുമെന്ന റിപ്പോർട്ടും ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്.
കേന്ദമന്ത്രിയോടു മോശമായി പെരുമാറിയ എസ്.പിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു റിച്ചാർഡ് ഹേ എം.പി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര ഇടപെടൽ.
വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണു സംസ്ഥാന ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു ലഭിച്ച നിർദേശം. മന്ത്രിയോടു മാത്രമല്ല, സാധാരണ ഭക്തരോടും മര്യാദയില്ലാതെയാണ് എസ്.പി. പെരുമാറിയതെന്നു റിച്ചാർഡ് ഹേയുടെ കത്തിൽ ആരോപിക്കുന്നു.
അന്വേഷണ റിപ്പോർട്ട് മയപ്പെടുത്തിയാലും കേന്ദ്രം കടുത്തനടപടി സ്വീകരിക്കുമെന്നാണു സൂചന. യതീഷ് ചന്ദ്രയ്ക്കെതിരേ പൊൻ രാധാകൃഷ്ണൻ പാർലമെന്റിൽ നൽകിയ അവകാശലംഘന നോട്ടീസും നിലനിൽക്കുന്നുണ്ട്. ഇതുപ്രകാരം പാർലമെന്ററി സമിതി യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും.