
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കൊറോണക്കാലത്ത് ജില്ലാ പോലീസ് മേധാവി സ്വീകരിച്ച നടപടികള്‍ക്കെതിരേ തുറന്ന പോരിനിറങ്ങി ജില്ലാ കളക്ടര്‍. ജില്ലയില്‍ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ഇടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരെയാണ് കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാടില്ലെന്നും ബ്ലോക്കുകള്‍ അടിയന്തരമായി നീക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ ടി.വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്തയച്ചിട്ടുണ്ട്. പ്രധാനമായും അഞ്ച് കാര്യങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടുള്ളതാണ് കത്ത്.
ജില്ലയില്‍ സാമൂഹിക വ്യാപനം ഇല്ലെന്നിരിക്കെ എസ്പി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ചത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും റോഡുകള്‍ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമെന്താണെന്നും കത്തില്‍ കളക്ടര്‍ ആരാഞ്ഞിട്ടുണ്ട്.
ഇതോടെ റോഡിലെ ബ്ലോക്ക് കാരണം ആംബുലന്‍സുകള്‍ തിരിച്ചുവിടേണ്ടി വന്നുവെന്നും ഡയാലിസിസ് രോഗികള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ സാധിച്ചില്ലെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഒരു യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എങ്ങനെയാണ് ഇത്തരമൊരു നടപടിയിലേക്ക് ജില്ലാ പൊലീസ് മേധാവി നീങ്ങിയതെന്നും കളക്ടര്‍ ചോദിച്ചു.
ബുധനാഴ്ച വൈകീട്ടോടെ ബ്ലോക്ക് ചെയ്ത റോഡുകള്‍ മുഴുവന്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിടണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ കോവിഡ് സംബന്ധമായുള്ള യോഗങ്ങളില്‍ ജില്ലാ പോലീസ് മേധാവി പങ്കെടുക്കാറില്ല.
അത് എന്തുകൊണ്ടാണെന്നും ഇനിയുള്ള യോഗങ്ങളില്‍ പങ്കെടുക്കണമെന്ന നിര്‍ദേശവും കത്തിലൂടെ കളക്ടര്‍ നല്‍കിയിട്ടുണ്ട്.