play-sharp-fill
അച്ഛന്റെ തോളിലിരുന്ന് മകൻ ആനയെ തൊട്ടു: പുലിവാൽ പിടിച്ച് സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര; മലയിറങ്ങിയതിന് ശേഷം യതീഷ് ചന്ദ്ര തൊട്ടതെല്ലാം പുലിവാൽ

അച്ഛന്റെ തോളിലിരുന്ന് മകൻ ആനയെ തൊട്ടു: പുലിവാൽ പിടിച്ച് സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര; മലയിറങ്ങിയതിന് ശേഷം യതീഷ് ചന്ദ്ര തൊട്ടതെല്ലാം പുലിവാൽ

സ്വന്തം ലേഖകൻ
തൃശൂർ: അച്ഛന്റെ തോളിലിരുന്ന് മകൻ ആനയെ തൊട്ടതോടെ പുലിവാൽ പിടിച്ചിരിക്കുകയാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഐ.പി.എസ്. ശബരിമല പ്രക്ഷോഭകാലത്ത് ക്രമസമാധാനം പാലിച്ച് മുന്നിൽ നിന്ന യതീഷ് ചന്ദ്ര മലയിറങ്ങിയ ശേഷം കൂടെ കൂടിയതാണ് പ്രശ്‌നങ്ങളും. ആദ്യം തൃശൂർ പൂരമായിരുന്നു പ്രശ്‌നമെങ്കിൽ, പിന്നീട് ഇത് തെച്ചിക്കോട്കാവ് രാമചന്ദ്രനായി. ഏറ്റവും ഒടുവിലാണ് മകൻ ആനയെ തൊട്ടതിന് അച്ഛൻ കോടതി കയറേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നത്.
കഴിഞ്ഞ ദിവസം തൃശൂർ വടക്കുംനാഥക്ഷേത്ര മൈതാനത്ത് നടന്ന ആനയൂട്ടിനിടെയാണ് സംഭവങ്ങളുണ്ടായത്. മഫ്തിയിൽ മകനെയുമായി ആനയൂട്ടിന് അൻപത് കൊമ്പൻമാർ നിരന്നത് കാണാനായാണ് കമ്മിഷണർ എത്തിയത്. ഒരു സാധാരണ അച്ഛനായി മകനെയും തോളിലിരുത്തി മൈതാനത്ത് മുഴുവൻ കറങ്ങി നടന്ന യതീഷ് ചന്ദ്ര അതിയായ ആവേശത്തിലായിരുന്നു. മകനെ കൊണ്ട് ആനയെ തൊടീക്കുകയും, ആനയ്ക്ക് പഴം നൽകുകയും ചെയ്ത അദ്ദേഹം ആനയൂട്ടിന്റെ ഓരോ അണുവും അക്ഷരാർത്ഥത്തിൽ ആസ്വദിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ തോളിലിരുത്തി ആനയെ തൊട്ടത്ത് ശിക്ഷാർഹമാണെന്ന് ചൂണ്ടിക്കാട് ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സാണ് ഗവർണ്ണർക്ക് പരാതി നൽകിയത്.  ഗവർണർക്കും ഡി.ജി.പിക്കും വനംവകുപ്പിനും ബാലാവകാശകമ്മീഷനും ഇവർ പരാതി നൽകിയിട്ടുണ്ട്. ആനകളും ആളുകളും തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്ന ചട്ടം ക്യാമറകൾക്ക് മുൻപിൽ യതീഷ് ചന്ദ്ര ലംഘിച്ചെന്നാണ് പരാതി. പൊലീസും ഈ അകലം പാലിച്ചാണ് ആളുകളെ നിർത്തുന്നതെന്നും ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലം പറഞ്ഞു.
തൃശ്ശൂർ പൂരത്തിന്റെ സമയത്ത് യതീഷ് ചന്ദ്ര ഈ നിയമം കർശനമായി നടപ്പാക്കിയതാണ്. നിയമം അറിയുന്ന ഒരാൾ തന്നെയാണ് ലംഘിച്ചിരിക്കുന്നതെന്നും പരാതിയിൽ പറഞ്ഞു. ഗണേശ് കുമാർ മന്ത്രിയായിരുന്ന സമയത്താണ് അകലം സംബന്ധിച്ച ഉത്തരവിട്ടത്. കഴിഞ്ഞ ദിവസമാണ് യതീഷ് ചന്ദ്രയും മകനും ആനയൂട്ടിന് എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്.
കർക്കിടകം ഒന്നാം തിയ്യതിയുള്ള ആനയുട്ടിനായിരുന്നു മഫ്തിയിൽ യതീഷ് എത്തിയത്. മകൻ വിശ്രുത് ചന്ദ്രയെ തോളത്തിരുത്തി യതീഷ് ചന്ദ്ര ആനയൂട്ട് കാണുന്നതാണ് ചിത്രങ്ങളിലുളളത്. ഇതാണ് പരാതിക്ക് ഇടയാക്കിയത്.
ശബരിമലയിൽ നടന്ന പ്രശ്‌നങ്ങളുടെ പേരിൽ സംഘപരിവാർ സംഘടനകളുടെ കണ്ണിലെ കരടാണ് യതീഷ് ചന്ദ്ര. അതുകൊണ്ടു തന്നെ യതീഷ് ചന്ദ്ര ഏത് വിഷയത്തിൽ ഇടപെട്ടാലും അതിൽ നിയമവിരുദ്ധമായി എന്തെങ്കിലും കിട്ടുമോ എന്നാണ് സംഘപരിവാർ ഇപ്പോൾ പരിശോധിക്കുന്നത്. ഇത് തന്നെയാണ് ഇപ്പോൾ ഈ കേസിലും ഉണ്ടായിരിക്കുന്നത്.