‘പശു ഒരു ദൈവീകമായ മൃഗമാണ്,അതിനെ സ്പർശിക്കുന്നതിലൂടെ സ്‌നേഹം അനുഭവിക്കാം’ ; വിചിത്രമായ പ്രസ്താവനയുമായി കോൺഗ്രസ് മന്ത്രി
സ്വന്തം ലേഖിക
മുംബൈ: പശുവിനെ സ്പർശിക്കുകയാണെങ്കിൽ നിഷേധാത്മകതയെ ( നെഗറ്റിവിറ്റി ) അകറ്റിനിർത്താനാകുമെന്ന വിചിത്രമായ കണ്ടുപിടുത്തവുമായി കോൺഗ്രസ് മന്ത്രി രംഗത്ത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രി യശോമതി ഠാക്കൂറാണ് ഇങ്ങനെയൊരു പ്രസ്താവന ഉന്നയിച്ചത്.
പശു ഒരു ദൈവികമായ മൃഗമാണെന്നും പശുവിനെ സ്പർശിക്കുന്നതിലൂടെ നിഷേധാത്മകതയെ അകറ്റിനിർത്താനാകുമെന്ന് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നും കോൺഗ്രസ് മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമരാവതിയിൽ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യശോമതി ഠാക്കൂർ വിചിത്ര പ്രസ്താവന നടത്തിയത്. നിങ്ങൾ ഒരു പശുവിനെ സ്പർശിക്കുകയാണെങ്കിൽ നിഷേധാത്മകതയെ അകറ്റിനിർത്താനാകുമെന്നും ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. സംഭവം മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തതോടെ അവർ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
‘പശു ഒരു ദൈവികമായ മൃഗമാണ്. ഇനി പശുവോ അല്ലെങ്കിൽ ഏത് മൃഗമോ ആയിക്കോട്ടെ, അവരെ സ്പർശിക്കുന്നിലൂടെ സ്നേഹം അനുഭവിക്കാം.’ ഇതുതന്നെയാണ് താൻ പറഞ്ഞതെന്നും അതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. ദിവസങ്ങൾക്ക് മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെയാണ് കോണ്ഗ്രസ് മന്ത്രി പുതിയ പ്രസ്താവനയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.