video
play-sharp-fill

യശസ്വി ജയ്‌സ്വാള്‍ ഇനി ഗോവ ക്യാപ്റ്റന്‍ ! അടുത്ത ആഭ്യന്തര സീസണില്‍ യശസ്വി ജയ്‌സ്വാള്‍ ഗോവയ്ക്കായി കളിക്കും ‘ ; പടിയിറക്കം മുംബൈ ടീമില്‍ നിന്ന്

യശസ്വി ജയ്‌സ്വാള്‍ ഇനി ഗോവ ക്യാപ്റ്റന്‍ ! അടുത്ത ആഭ്യന്തര സീസണില്‍ യശസ്വി ജയ്‌സ്വാള്‍ ഗോവയ്ക്കായി കളിക്കും ‘ ; പടിയിറക്കം മുംബൈ ടീമില്‍ നിന്ന്

Spread the love

മുംബൈ: യുവ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ അടുത്ത സീസണ്‍ മുതല്‍ ഗോവയ്ക്കായി ആഭ്യന്തര ക്രിക്കറ്റ് കളിക്കും. മുംബൈ ടീമില്‍ നിന്നാണ് താരത്തിന്റെ ഞെട്ടിക്കുന്ന പടിയിറക്കം. എന്‍ഒസിയ്ക്കായി താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനു അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സ്വീകരിച്ചു. താരത്തിനു ​ഗോവയിലേക്ക് മാറാൻ അനുമതിയും നൽകി.

ഈയടുത്താണ് ഗോവ ടീമിനു പ്ലേറ്റ് ഗ്രൂപ്പില്‍ നിന്നു എലൈറ്റ് ഗ്രൂപ്പിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്. പിന്നാലെയാണ് യശസ്വി ജയ്‌സ്വാള്‍ ഗോവ ടീമിലെത്തുന്നത്. മുംബൈ ടീമില്‍ അവസരം കിട്ടാത്തതാണ് താരത്തിന്റെ ഞെട്ടിക്കുന്ന മാറ്റത്തിനു പിന്നില്‍. മാത്രമല്ല ഗോവ യശസ്വിയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗോവ പുതിയ അവസരങ്ങളുടെ വാതിലാണ് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനമടക്കം അവര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി മികച്ച പ്രകടനം ഭാവിയിലും നടത്തുകയാണ് ലക്ഷ്യം. ദേശീയ ടീമിനായി കളിക്കാത്തപ്പോള്‍ ഗോവയ്ക്കായി ഇറങ്ങും. ടീമിനെ നേട്ടങ്ങളിലേക്ക് നയിക്കാനും ലക്ഷ്യമിടുന്നു. മുംബൈയ്ക്കായി കളിച്ചതിനാലാണ് കരിയര്‍ ഇന്ന് ഈ നിലയ്‌ക്കെത്താന്‍ കാരണം. അതില്‍ തര്‍ക്കമില്ല. എടുത്തത് കടുത്ത തീരുമാനമാണെന്നും പുതിയ മാറ്റത്തെക്കുറിച്ച് താരം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുംബൈ ടീമുമായി താരത്തിന്റെ ബന്ധം വഷളായതായി റിപ്പോര്‍ട്ടുകളുണ്ട്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമായി നല്ല ബന്ധമല്ലെന്ന തരത്തിലുള്ള വാര്‍ത്തകളുമുണ്ട്. 2022ല്‍ വെസ്റ്റ് സോണ്‍ ക്യാപ്റ്റനായിരുന്ന രഹാനെ ജയ്‌സ്വാളിനോട് ദക്ഷിണ മേഖലയ്‌ക്കെതിരായ മത്സരത്തിനിടെ കളത്തില്‍ നിന്നു മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ മേഖല താരമായ രവി തേജയുമായി താരം വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സംഭവം അതിരു കടന്നതോടെയാണ് രഹാനെ താരത്തോടു കളത്തില്‍ നിന്നു മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഈ സംഭവം ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുംബൈ ടീം സെലക്ഷന്‍ സംബന്ധിച്ചു താരം നിരന്തരം പരാതികള്‍ ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ ജമ്മു കശ്മീരിനെതിരായ പോരാട്ടത്തില്‍ താരം രോഹിത് ശര്‍മയ്‌ക്കൊപ്പം മുംബൈക്കായി ഓപ്പണിങ് ഇറങ്ങിയെങ്കിലും ബാറ്റിങില്‍ പരാജയമായി. മത്സരത്തില്‍ മുംബൈ തോല്‍ക്കുകയും ചെയ്തതോടെ മാനേജ്‌മെന്റ് താരത്തിന്റെ സമീപനത്തെ വിമര്‍ശിച്ചിരുന്നു. ഇതും വേര്‍പിരിയലിനു ആക്കം കൂട്ടി.