
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജപ്പാൻ സന്ദർശിക്കും. അതിനിടെ, യുഎസുമായി വ്യാപാരക്കരാറിലേർപ്പെടാനുള്ള നേരത്തേ തീരുമാനിച്ച യാത്ര ജപ്പാൻ പ്രതിനിധി റദ്ദാക്കി. മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപായാണ് ജപ്പാന്റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവ യുഎസിലേക്കുള്ള യാത്ര റദ്ദാക്കിയത്.
ജപ്പാൻ നടത്തുന്ന 550 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറിന് ഔദ്യോഗിക സ്ഥിരീകരണം നൽകുന്നതിനായാണു പ്രതിനിധി യുഎസിലേക്ക് പോകാനിരുന്നത്.
ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് 25 ശതമാനം തീരുവ ചുമത്തിയത് പിന്നീട് 15 ശതമാനമായി കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജപ്പാൻ യുഎസിൽ 550 ബില്യണിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തത്. യുഎസുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അതു കാരണമാണ് പ്രതിനിധിയുടെ യാത്ര റദ്ദാക്കിയതെന്നുമാണ് ജപ്പാൻ സർക്കാർ വക്താവ് പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ജപ്പാനിലെത്തുന്നത്. ഇതിനു പിന്നാലെ 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ചൈനയും സന്ദർശിക്കും. ഏഴു വർഷത്തെ ഇടവേളക്കു ശേഷമാണ് മോദി ചൈന സന്ദർശിക്കുന്നത്. ഒന്നിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും മോദി ചർച്ച നടത്തുന്നുണ്ട്.