
സ്വന്തം ലേഖിക
കോട്ടയം:ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് കോട്ടയത്ത് ക്രിസ്മസ് പപ്പാ വിളംബരയാത്ര ബോണ്‍ നത്താലേ സീസണ്‍ -ത്രീ അഞ്ചിനു നടക്കും.
വൈകുന്നേരം 4.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന പപ്പാ റാലി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനക്കര മൈതാനത്തു ചേരുന്ന സമ്മേളനത്തില്‍ കോട്ടയത്തെ ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖരും ചേര്‍ന്ന് കേക്ക് മുറിക്കും. തുടര്‍ന്ന് കോട്ടയത്തെ വിവിധ സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും ക്രിസ്മസ് ദൃശ്യാവിഷ്‌കാരവുമുണ്ടായിരിക്കും.
മുവായിരത്തിലധികം പപ്പാമാര്‍ അണിനിരക്കും.ബോണ്‍ നത്താലേയില്‍ പങ്കെടുക്കാനെത്തുന്നവര്‍ ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച് അഞ്ചിനു വൈകുന്നേരം 4.30ന് പോലീസ് പരേഡ് ഗ്രൗണ്ടിലെത്തണം. പപ്പാ തൊപ്പി സൗജന്യമായി നല്‍കും. 2021ല്‍ ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവയുമായി ചേര്‍ന്ന് കോട്ടയത്തെ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ തുടങ്ങിയ ബോണ്‍ നത്താലേ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
കോട്ടയത്തിന്‍റെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ബോണ്‍ നത്താലേ അക്ഷരനഗരിക്ക് പുത്തന്‍ ക്രിസ്മസ് അനുഭവമാകുമെന്നും സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.