
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടനപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചപ്പോള്‍ ബിസിസിഐ ഇത്രയും വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല.
120000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാനെത്തിയത് വിരലില്‍ എണ്ണിയെടുക്കാവുന്ന കാണികള്‍ മാത്രം. പ്രവര്‍ത്തി ദിനമായതിനാല്‍ വൈകിട്ടോടെ സ്റ്റേഡിയം പകുതിയെങ്കിലും നിറയുമെന്ന പ്രതീക്ഷയിലായിരുന്നു, എന്നാൽ വലിയ മാറ്റങ്ങൾ വന്നില്ല.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ കാണികള്‍ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ എന്ന് സംശയമാണ്. ലോകകപ്പിന്റെ മത്സരക്രമം മാറ്റിമറിച്ചതും ടിക്കറ്റ് വില്പനയിലെ അപാകതകളുമെല്ലാം കാണികള്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് തടയാന്‍ കാരണമായെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോകകപ്പില്‍ ഒക്ടോബര്‍ 14ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന് പോരാട്ടത്തില്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വില്പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രമെ സ്റ്റേഡിയത്തില്‍ കാണികളെത്തൂവെങ്കില്‍ ഇത്തവണ ആവേശം കുറഞ്ഞ ലോകകപ്പായിരിക്കും കാണാനാകുക. ടി20 ക്രിക്കറ്റിന്റെയും ടി10 ക്രിക്കറ്റിന്റെയും കാലത്ത് ഏകദിന ക്രിക്കറ്റിന് പ്രാധാന്യം നഷ്ടമായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തെപ്പോലും ആരാധകര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞത്.