അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് ഫൈനലിന് അഹമ്മദാബാദ് വേദിയായേക്കും; മത്സരങ്ങള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും

Spread the love

മുംബൈ: ഇന്ത്യയും ശ്രീലങ്കയും വേദിയാവുന്ന അടുത്ത വര്‍ഷത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെ നടക്കാന്‍ സാധ്യത. മത്സരക്രമം ഐസിസി ഉടന്‍ പുറത്തിറക്കും. ഇന്ത്യയിലെ അഞ്ചും ശ്രീലങ്കയിലെ രണ്ടും വേദികളിലാവും മത്സരങ്ങള്‍. അഹമ്മദാബാദും കൊളംബോയുമാണ് ഫൈനലിന് പരിഗണിക്കുന്നത്. പാകിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടിയില്ലെങ്കില്‍ കിരീടപ്പോരാട്ടം അഹമ്മദാബാദിലായിരിക്കും. രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുക.

ഇരുപത് ടീമുകള്‍ നാല് ഗ്രൂപ്പിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. സൂപ്പര്‍ എട്ടിലെ ടീമുകള്‍ വീണ്ടും രണ്ട് ഗ്രൂപ്പിലായി ഏറ്റുമുട്ടും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലെത്തും. ലോകകപ്പില്‍ ആകെ 55 മത്സരങ്ങളുണ്ടാവും. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്‍. അതേസമയം, അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ എം എസ് ധോണിയെ ഇന്ത്യന്‍ ടീമിന്റെ മെന്ററാക്കാന്‍ ബിസിസിഐ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

2021ലെ ടി20 ലോകകപ്പില്‍ മെന്ററാക്കിയതുപോലെ 2026 ടി20 ലോകകപ്പിലും ധോണിയെ മെന്ററാക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ക്രിക് ബ്ലോഗറാണ് റിപ്പോര്‍ട്ട് ചെയ്തത്. ടി20 ടീമിന്റെ മാത്രമല്ല, മൂന്ന് ഫോര്‍മാറ്റിലും പുരുഷ ടീമിന്റെയും വനിതാ ടീമിന്റെയും ജൂനിയര്‍ ടീമിന്റെയും വലിയ ഉത്തരവാദിത്തമുള്ള റോളാണ് ബിസിസിഐ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും എന്നാല്‍ ഗൗതം ഗംഭീര്‍ പുരുഷ ടീം പരിശീലകനായിരിക്കുന്നിടത്തോളം കാലം ധോണി ഇത് ഏറ്റെടുക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയില്‍ നിന്നോ എം എസ് ധോണിയില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group