
ഇന്ന് ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം; ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം; അറിയാം എയ്ഡ്സ് രോഗത്തിന്റെ ലക്ഷണങ്ങളും രോഗ സാധ്യത കുറയ്‌ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും
ഇന്ന് ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. ലോകമെമ്പാടും 1988 മുതലാണ് ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു വരുന്നത്. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്.
‘അവകാശങ്ങളുടെ പാത സ്വീകരിക്കു’ (Take the rights path) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. ലോകത്താകമാനം 3.9 കോടി എച്ച്.ഐ.വി ബാധിതര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ മാത്രം 13 ലക്ഷം ആളുകളില്‍ പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി.
ഇന്ത്യയില്‍ 2023ലെ കണക്ക് പ്രകാരം 25.44 ലക്ഷം ആളുകള്‍ എച്ച്ഐവി ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ ഇന്ത്യയില്‍ 68,451 ആളുകളില്‍ പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. എച്ച്ഐവി അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂര്‍ത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയില്‍ 0.20 ആണെങ്കില്‍ അത് കേരളത്തില്‍ 0.07 ആണ്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്‌ഐവി) ആണ് എയ്‌ഡ്‌സ് രോഗം പരത്തുന്നത്.
ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും രോഗങ്ങളെയും അണുബാധകളെയും തടയാനുള്ള ശരീരത്തിന്‍റെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും.
എയ്‌ഡ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍:
എയ്ഡ്സ് രോഗികളില്‍ എപ്പോഴും പനി, ക്ഷീണം, തൊണ്ടവേദന, ഫ്ലൂ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടാം. തുടർച്ചയായ ഇൻഫെക്‌ഷനുകൾ, ശരീരഭാരം കുറയുക, ഇടുപ്പു വേദന, വരണ്ട ചുമ, ശരീര വേദന, ഓക്കാനം, ഛർദ്ദി, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ചര്‍മ്മത്തില്‍ പാടുകള്‍ ഇവയെല്ലാം കാണപ്പെടാം.
എയ്‌ഡ്‌സ് രോഗ സാധ്യത കുറയ്‌ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. ഒരാള്‍ ഉപയോഗിച്ച സൂചി ഉപയോഗിക്കാതിരിക്കുക.
2. സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏര്‍പ്പെടുക.
3. ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്‌ക്കുകയും ഇടയ്‌ക്കിടെ എച്ച്‌ഐവി പരിശോധന നടത്തുകയും ചെയ്യുക.
4. എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ എടുക്കുക.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.