
കോഴിക്കോട് : ഒന്നിച്ചു ജീവനൊടുക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പ്രതിയുടെ വർക്ഷോപ്പിലെത്തിയ ശേഷം മരിക്കാൻ വിസമ്മതിച്ച യുവതിയെ ജൂസിൽ ലഹരി ഗുളിക നൽകി പാതി മയക്കിയ ശേഷം ജീവനൊടുക്കാൻ വീണ്ടും പ്രേരിപ്പിക്കുകയായിരുന്നു.
വർഷങ്ങളായി ബന്ധം തുടർന്നുവന്ന യുവതി, പ്രതിക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കിയതിനെത്തുടർന്ന് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമിച്ച് മരിക്കാൻ തന്നെയായിരുന്നു ഉദ്ദേശ്യമെന്നും മരിക്കാൻ സാധിക്കാത്തതിൽ കുറ്റബോധമുണ്ടെന്നും തെളിവെടുപ്പിനിടെ വൈശാഖൻ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകമല്ലായിരുന്നു, ഞങ്ങൾ രണ്ടാളും ആത്മഹത്യ ചെയ്യാനാണ് വന്നത്.
ഞാൻ മരിച്ചില്ല, അവൾ മരിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ ഭാര്യയോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നതായും വൈശാഖൻ പറഞ്ഞു. അതേസമയം, ഭാര്യയോട് എല്ലാം പറഞ്ഞെന്ന വാദം പൊലീസ് ഇനിയും മുഖവിലയ്ക്കെടുത്തിട്ടില്ല.
കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വിവരങ്ങൾ സ്ഥിരീകരിക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വൈശാഖന്റെയും ഭാര്യയുടെയും മൊഴികൾ പ്രത്യേകമായും ഒന്നിച്ചും രേഖപ്പെടുത്തും.
തുടരന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ വൈശാഖനെ ഫെബ്രുവരി രണ്ടു വരെ കസ്റ്റഡിയിൽ വാങ്ങിയത്.
കൊലപാതകം നടന്ന കക്കോടി മോരിക്കര മാളിക്കടവിലെ വർക് ഷോപ്പിൽ എത്തിച്ച പ്രതിയുമായി എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അര മണിക്കൂറോളം തെളിവെടുപ്പ് നടത്തി.
ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞു ബോധ്യപ്പെടുത്തിയാണ് 24 ന് വൈശാഖൻ യുവതിയെ വർക്ഷോപ്പിലേക്കു വിളിച്ചു വരുത്തിയത്. രണ്ടു പേർക്കും മരിക്കാനായി കുരുക്കു തയാറാക്കിയ വൈശാഖൻ യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു.
മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാൾ ഭാര്യയെയും നാട്ടുകാരെയും വിവരം അറിയിച്ചതെന്നാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം വർക്ഷോപ്പിൽ എത്തി അവിടെയുളള സിസിടിവി ദൃശ്യങ്ങൾ പകർത്തിയ ഹാർഡ് ഡിസ്ക് ഒഴിവാക്കാനായിരുന്നു വൈശാഖന്റെ നീക്കം.



