വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഓസ്‌ട്രേലിയ;ഇന്ത്യയ്ക്കെതിരെ മൂന്നു വിക്കറ്റ് വിജയമാണു നേടിയത്

Spread the love

 

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം തോല്‍വി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. വിശാഖപട്ടണത്ത് ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. എല്ലിസ് പെറി (പുറത്താവാതെ 47), അഷ്‌ലി ഗാര്‍ഡ്‌നര്‍ (46 പന്തില്‍ 45), ഫോബ് ലിച്ച്ഫീല്‍ഡ് (39 പന്തില്‍ 40) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ നിര്‍ണായകമായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സ്മൃതി മന്ദാന (66 പന്തില്‍ 80), പ്രതിക റാവല്‍ (96 പന്തില്‍ 75) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 48.5 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ച് വിക്കറ്റ് വീഴ്ത്തി. സോഫി മൊളിനെക്‌സിന് മൂന്ന് വിക്കറ്റുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിംഗില്‍ മികച്ച ഓസീസിന് തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹീലി – ലിച്ച്ഫീല്‍ഡ് സഖ്യം 85 റണ്‍സ് ചേര്‍ത്തു. 12-ാം ഓവറില്‍ ഇന്ത്യ കൂട്ടുകെട്ട് പൊളിച്ചു. ലിച്ച് ഫീല്‍ഡിനെ ശ്രീ ചരണി പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ പെറി, ഹീലിക്ക് പിന്തുണ നല്‍കി.

എന്നാല്‍ പെറി, പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി. തുടര്‍ന്നെത്തിയ ബേത് മൂണി (4), അന്നാബെല്‍ സതര്‍ലാന്‍ഡ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ഹീലിയും മടങ്ങി. മൂന്ന് സിക്‌സും 21 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹീലിയുടെ വീരോചിത ഇന്നിംഗ്‌സ്. ഹീലി മടങ്ങിയെങ്കിലും ഗാര്‍ഡ്‌നര്‍, പെറി (പുറത്താവാതെ (47) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.

തഹ്ലിയ മഗ്രാത് (12), സോഫി മൊളിനെക്‌സ് (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കിം ഗാര്‍ത്ത് (14) പെറിക്കൊപ്പം പുറത്താവാതെ നിന്നു.

ഗംഭീര തുടക്കമായിരുന്നു ഇന്ത്യയുടേത്. ഒന്നാം വിക്കറ്റില്‍ സ്മൃതി – പ്രതിക സഖ്യം 155 റണ്‍സ് ചേര്‍ത്തു. സ്മൃതി ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിക സൂക്ഷ്മതയോടെ കളിച്ചു. 25-ാം ഓവറില്‍ മാത്രമാണ് ഓസീസിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. സ്മൃതിയെ മൊളിനെക്‌സ് പുറത്താക്കുകയായിരുന്നു.

മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (38) – പ്രതികയ്‌ക്കൊപ്പം 37 റണ്‍സ് കൂട്ടിചേര്‍ത്തു.