വിമെന്‍സ് ടി20 : ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റണ്‍സ് ജയം ; അര്‍ദ്ധ സെഞ്ച്വറിയുമായി കേരള താരം അക്ഷയ ; 52 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 60 റണ്‍സ്
സ്വന്തം ലേഖകൻ
വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറി നേട്ടവുമായി കേരള താരം അക്ഷയ. ലക്‌നൗവില്‍ ഹരിയാനയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് അക്ഷയ അര്‍ദ്ധ സെഞ്ച്വറി നേടിയത്. 52 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 60 റണ്‍സാണ് താരം കരസ്ഥമാക്കിയത്.
അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കേരളത്തിന് 20 റണ്‍സിന്റെ വിജയം സമ്മാനിച്ചതും അക്ഷയയുടെ ഇന്നിങ്‌സായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ കേരളം കളി തിരികെ പിടിച്ചത് അക്ഷയയുടെ മികച്ച ബാറ്റിങ്ങിലൂടെയായിരുന്നു. കണ്ണൂര്‍ തലശേരി സ്വദേശിയായ അക്ഷയ ചെറുപ്പം മുതലെ ക്രിക്കറ്റില്‍ സജീവമാണ്. റൈറ്റ് ഹാന്‍ഡ് ബാറ്ററും റൈറ്റ് ആം ഓഫ് സ്പിന്നറുമായ അക്ഷയ അണ്ടര്‍ 23 ഇന്ത്യ ചലഞ്ചേഴ്‌സ് ടീമിലും അണ്ടര്‍-19 സൗത്ത് സോണ്‍ ടീമിലും അംഗമായിരുന്നു. തലശേരി സ്വദേശിയായ സദാനന്ദന്റെയും ഷീജയുടെയും മകളാണ് അക്ഷയ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്‌നൗവില്‍ നടന്ന സീനിയര്‍ വിമെന്‍സ് ടി20 മത്സരത്തില്‍ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റണ്‍സിന്റെ ജയം. കേരളം ഉയര്‍ത്തിയ 125 റണ്‍സ് മറികടക്കുവാന്‍ ഇറങ്ങിയ ഹരിയാന 105 റണ്‍സിന് പുറത്താവുകയായിരുന്നു. 52 പന്തില്‍ 60 റണ്‍സെടുത്ത അക്ഷയയാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അക്ഷയയുടെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി അനന്യ 32 പന്തില്‍ 24 റണ്‍സും നേടി. ടോസ് നേടിയ കേരളം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്‌കോര്‍ കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പെ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഷാനിയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായെങ്കിലും പിന്നീട് എത്തിയ അക്ഷയ ക്രീസില്‍ നിലയുറപ്പിച്ചതോടെ കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ന്നു. നാലാമത്തെ ഓവറില്‍ കേരളത്തിന് രണ്ടാം വിക്കറ്റ് നഷ്ടമായെങ്കിലും അക്ഷയ- അനന്യ കൂട്ടുകെട്ട് കേരളത്തിന് തുണയായി.
ഇരുവരും ചേര്‍ന്ന് 71 പന്തില്‍ 76 റണ്‍സ് നേടി. ഹരിയാനയുടെ ഓപ്പണിങ് ബാറ്റര്‍ റീമ സിസോദിയയെ കീര്‍ത്തിയുടെ പന്തില്‍ നിത്യ ക്യാച്ചെടുത്ത് പുറത്താക്കിയാണ് കേരളം വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. കേരളത്തിന് വേണ്ടി കീര്‍ത്തിയും സജനയും രണ്ട് വിക്കറ്റ് വീതവും നജിലയും ഷാനിയും ഓരോ വിക്കറ്റ് വീതവും നേടി.