
ഡൽഹി: വനിതാ ലോകകപ്പ് ജേതാക്കൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി.
4.48 മില്ല്യൺ യുഎസ് ഡോളറാണ് (39.55 കോടി ഇന്ത്യൻ രൂപ) ഇക്കുറി ജേതാക്കൾക്ക് ലഭിക്കുക. കഴിഞ്ഞ തവണ ഇത് 1.32 മില്ല്യൺ യുഎസ് ഡോളറായിരുന്നു(11.65 കോടി ഇന്ത്യൻ രൂപ).
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ 30 നാണ് ആരംഭിക്കുന്നത്.
ടൂർണമെന്റിന്റെ ആകെ സമ്മാനത്തുകയിലും വൻ വർധനവുണ്ട്. 122.5 കോടി രൂപയോളമാണ് ആകെ സമ്മാനത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ടൂർണമെന്റിനേക്കാൾ 297 ശതമാനം കൂടുതലാണിത്. 2022 ൽ ന്യൂസിലൻഡിൽ വെച്ച് നടന്ന ടൂർണമെന്റിൽ 31 കോടിയോളമായിരുന്നു ആകെയുള്ള സമ്മാനത്തുക. 2023 ൽ നടന്ന പുരുഷന്മാരുടെ ഏകദിനലോകകപ്പിലെതിനേക്കാൾ ഉയർന്ന തുകയാണ് ഇത്തവണ നൽകുക.
10 മില്ല്യൺ ഡോളറായിരുന്നു(ഏകദേശം 88.26 കോടി ഇന്ത്യൻ രൂപ) ആ ലോകകപ്പിലെ ആകെ സമ്മാനത്തുക. ഐസിസി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
റണ്ണേഴ്സപ്പാകുന്ന ടീമിന് ഏകദേശം 19.77 കോടി രൂപയും സെമിയിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 9.89 കോടി രൂപയും ലഭിക്കും. ഗ്രൂപ്പ് സ്റ്റേജിൽ ഓരോ മത്സരങ്ങളിലും ജയിക്കുന്ന ടീമുകൾക്ക് 30.29 ലക്ഷം രൂപയും ലഭിക്കും. വനിതാ ക്രിക്കറ്റിന്റെ വളർച്ചയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതായും അതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും ഐസിസി പ്രസ്താവനയിൽ അറിയിച്ചു.
സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെ നടക്കുന്ന വനിതാ ലോകകപ്പിൽ എട്ട് ടീമുകൾ അഞ്ച് വേദികളിലായി മത്സരിക്കും. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകളാണ് മത്സരിക്കുന്നത്. ഒക്ടോബർ 29, 30 തിയ്യതികളിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. നവംബർ രണ്ടിനാണ് ഫൈനൽ. പാകിസ്താന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക.