
തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീ വോട്ടർമാരുടെ പോളിങ് കണക്കില്‍ റെക്കോർഡ്.
സംസ്ഥാനത്ത് സ്ത്രീ വോട്ടർമാരുടെ ഏറ്റവും ഉയർന്ന പോളിങ് ശതമാനം ഈ വർഷം രേഖപ്പെടുത്തി.
ആകെയുളള സ്ത്രീ വോട്ടർമാരില്‍ 81.19 ശതമാനം പേർ വോട്ട് ചെയ്തു.
പുരുഷ വോട്ടർമാരുടേത് 75.19 ശതമാനം മാത്രമാണ്. മുന്നണികളുടെ വാഗ്ദാനങ്ങളും ക്ഷേമപദ്ധതികളും മുതല്‍ രാഷ്ട്രീയ കാരണങ്ങളും സ്ത്രീകള്‍ കൂട്ടത്തോടെ ബൂത്തിലെത്താൻ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. 81.19 ശതമാനം സ്ത്രീ വോട്ടർമാർ പോളിങ് ബൂത്തിലെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ നല്‍കിയ കണക്കനുസരിച്ച്. ആകെയുളള 1,39,21,868 സ്ത്രീ വോട്ടർമാരില്‍ 1,13,03,164 പേർ വോട്ട് ചെയ്തു.
പുരുഷ വോട്ടർമാരുടെ പോളിങ് ശതമാനം 75.19. പുരുഷ- സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം തമ്മില്‍ ആറ് ശതമാനം വ്യത്യാസം. വോട്ട് കണക്ക് നോക്കിയാല്‍ പുരുഷ വോട്ടർമാരേക്കാള്‍ 13.6 ലക്ഷം കൂടുതല്‍ സ്ത്രീ വോട്ടർമാർ വോട്ട് ചെയ്തു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം 73.94 ആയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് 71.86 ശതമാനം. അതിനെക്കാള്‍ പത്ത് ശതമാനത്തോളം വർധനയാണ് ഇക്കുറി.
സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം ഇതിന് മുമ്പ് 80ന് മുകളില്‍ പോയത് ആകെ 1987ല്‍ മാത്രമാണ്. 80.58 ശതമാനം സ്ത്രീകള്‍ അന്ന് ബൂത്തിലെത്തി. പുരുഷ- സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനക്കണക്ക് തമ്മില്‍ ഇത്രയും വ്യത്യാസം വരുന്നതും ആദ്യമാണ്.



