നഴ്സിങ് കോളജിൽ പോയ അധ്യാപികയെ കാണാനില്ല; ഒളിച്ചോടിയതാകാമെന്ന് പൊലീസ്; ഒടുവിൽ മൃതദേഹം കണ്ടെത്തിയത് വയലിൽ കഴുത്തറുത്ത നിലയിൽ; പൊലീസിൻ്റെ നിഷ്ക്രിയത്വം ആരോപിച്ച് യുവതിയുടെ കുടുംബം; വൻ പ്രതിഷേധം

Spread the love

ചണ്ഡിഗഢ്: 19 വയസുകാരിയായ പ്ലേ സ്‌കൂൾ അധ്യാപിക മനീഷയുടെ ക്രൂരമായ കൊലപാതകത്തിന് പിന്നാലെ ഹരിയാനയിലെ ഭിവാനിയില്‍ വ്യാപക പ്രതിഷേധം.

സിംഘാനി ഗ്രാമത്തിൽ ചേർന്ന മഹാപഞ്ചായത്തിൽ ബിജെപി മുൻ മന്ത്രി ജെ.പി. ദലാൽ ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും സംഭവത്തിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം പുകയുകയാണ്. ഓഗസ്റ്റ് 13നാണ് സിംഗാനിയിലെ ഒരു വയലിൽ കഴുത്തറുത്ത നിലയിൽ മനീഷയുടെ മൃതദേഹം കണ്ടെത്തിയത്.

ഓഗസ്റ്റ് 11 നാണ് മനീഷ തന്റെ സ്കൂളിൽ നിന്ന് അടുത്തുള്ള ഒരു നഴ്സിങ് കോളജിൽ ഒരു കോഴ്സിനെക്കുറിച്ച് അന്വേഷിക്കാൻ പോയത്.‌ പക്ഷേ യുവതി വീട്ടിലേക്ക് മടങ്ങി എത്തിയില്ല. ലോഹരു പൊലീസിനെ യുവതിയുടെ രക്ഷിതാക്കൾ ആദ്യം സമീപിച്ച‌ിരുന്നു. എന്നാൽ യുവതി ഒളിച്ചോടിയിരിക്കാമെന്നും രണ്ടു ദിവസത്തിനുള്ളിൽ മടങ്ങിയെത്തുമെന്നും പറഞ്ഞ് പൊലീസ് പരാതി അവഗണിച്ചുവെന്ന് യുവതിയുടെ രക്ഷിതാക്കൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ‌ൊലീസ് നിഷ്ക്രിയത്വം ആരോപിച്ച് മനീഷയുടെ കുടുംബം ശവസംസ്കാരം നടത്താൻ വിസമ്മതിച്ചിരുന്നു. കേസ് കൈകാര്യം ചെയ്ത പൊലീസിന്റെ നടപടിയ്‌ക്കെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തിൽ ഭിവാനി എസ്പിയെ സ്ഥലം മാറ്റാനും അഞ്ചു പൊലീസുകാരെ സസ്‌പെൻഡ് ചെയ്യാനും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉത്തരവിട്ടെങ്കിലും നടപടികൾ അപര്യാപ്തമാണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്. നീതി ആവശ്യപ്പെട്ട് ഞായറാഴ്ച ഗ്രാമവാസികൾ ഡൽഹി-പിലാനി റോഡ് ഉപരോധിച്ചിരുന്നു.

കേസ് അന്വേഷിക്കാൻ ആറു സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും റോഹ്തക്കിലെ പിജിഐഎംഎസിൽ പോസ്റ്റ്‌മോർട്ടം നടത്തിയെന്നും പൊലീസ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിക്ക് പിന്നാലെ പൊലീസ് ഉടനടി ഇടപെട്ടിരുന്നെങ്കിൽ മനീഷയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്. മനീഷയുടെ കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻ‌എച്ച്‌ആർ‌സി) ഹരിയാന ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.